മികച്ച സ്‌കോറുമായി ദക്ഷിണാഫ്രിക്ക… രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Advertisement

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറുമായി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സില്‍ 408 റണ്‍സാണ് അവര്‍ നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245-ല്‍ അവസാനിപ്പിച്ചാണ് അവര്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്. 163 റണ്‍സിന്റെ ലീഡാണിപ്പോഴുള്ളത്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. രോഹിത് പൂജ്യത്തിനു മടങ്ങിയപ്പോള്‍ പിന്നാലെ അഞ്ച് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും പുറത്താവുകയായിരുന്നു. പിന്നീട് 26 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 6 റണ്‍സുമായി ശ്രേയസ് അയ്യരും പുറത്തായി. വിരാട് കോഹ്‌ലി കെ.എല്‍ രാഹുല്‍ എന്നിവരാണ് നിലവില്‍ ക്രീസില്‍.
നേരത്തെ ഡീന്‍ എല്‍ഗാര്‍ സെഞ്ച്വറി നേടി മുന്നില്‍ നിന്നു നയിച്ചു. ജാന്‍സന്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന എല്‍ഗാര്‍ 185 റണ്‍സെടുത്തു മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് എല്‍ഗാറിന്റെ മടക്കം. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് എല്‍ഗാര്‍.
എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡെ സോര്‍സി (28), കീഗന്‍ പീറ്റേഴ്സന്‍ (2), ഡേവിഡ് ബെഡ്ങ്ഹാം (56), കെയ്ല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോറ്റ്‌സി (19) കഗിസോ റബാഡ (1), നാന്ദ്രെ ബര്‍ഗര്‍ (0) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ടെംബ ബവുമ ബാറ്റിങിനു ഇറങ്ങിയില്ല. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സ് ആദ്യം തുടങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്‌സിന്റെ ബലത്തിലാണ് 245 റണ്‍സെടുത്തത്.

Advertisement