ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 219 എന്ന നിലയില്‍ പതറുന്നു. ഇംഗ്ലണ്ടിന്റെ യുവ ഓഫ് സ്പിന്നര്‍ ശുഐബ് ബഷീര്‍ ആണ് നാല് വിക്കറ്റ് വീഴ്ത്തിയ മിന്നും പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിംഗിന്റെ മുന്‍നിരയെ തകര്‍ത്തത്.
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്സില്‍ ജോ റൂട്ടിന്റെ (122 നോട്ടൗട്ട്) സെഞ്ചുറിയുടെ കരുത്തില്‍ 353 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെറും രണ്ട് റണ്‍സിന് പുറത്തായി. പിന്നീട് ശുഐഹിന്റെ സുദീര്‍ഘമായ സ്പെല്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കി. ശുഭ്മന്‍ ഗില്‍ (38), രജത് പട്ടീദാര്‍ (17), രവീന്ദ്ര ജദേജ (12), യശസ്വി ജയ്സ്വാള്‍ (73) എന്നിവരെയാണ് ശുഐബ് ബഷീര്‍ പുറത്താക്കിയത്. തുടര്‍ച്ചയായി 31 ഓവറുകളാണ് ശുഐബ് എറിഞ്ഞത്. സര്‍ഫറാസ് ഖാനെയും (14), ആര്‍. അശ്വിനെയും (1) ടോം ഹാര്‍ട്ലി പുറത്താക്കി. നിലവില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലും (30), കുല്‍ദീപ് യാദവും (17) ആണ് ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഒന്നാമിന്നിംഗ്സില്‍ 134 റണ്‍സ് പിന്നിലാണ് ഇന്ത്യ.