ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് പരുങ്ങുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ് അവര്‍. ആകെ ലീഡ് 188 റണ്‍സ്. ഇന്ത്യയുടെ സ്പിന്‍ കെണിയിലാണ് ഇംഗ്ലണ്ട് കറങ്ങിവീണത്. കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റുകളെടുത്തു. ജഡേജ ഒരു വിക്കറ്റെടുത്തു.
ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് അവര്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡുമായണ് അവര്‍ തുടങ്ങിയത്.
ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി കളം വിട്ടു. 60 റണ്‍സെടുത്തു നില്‍ക്കെ താരത്തെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നിന്ന ജോ റൂട്ടിനു ഇത്തവണ പിടിച്ചു നില്‍ക്കാനായില്ല. ജോണി ബെയര്‍സ്റ്റോ ഇത്തവണയും മികച്ച രീതിയില്‍ തളങ്ങി എന്നാല്‍ 30 റണ്‍സുമായി മടങ്ങി. ബെന്‍ ഡുക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11), ടോം ഹാര്‍ട്ലി, ഒലി റോബിന്‍സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 14 റണ്‍സുമായി ബെന്‍ ഫോക്‌സും 1 റണ്ണുമായി ഷൊയ്ബ് ബഷീറും ക്രീസില്‍.
നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനു കന്നി സെഞ്ച്വറി നഷ്ടമായത് ഇന്ത്യക്ക് മറ്റൊരു നിരാശയായി. വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ നടത്തിയ പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 149 പന്തുകള്‍ നേരിച്ച് ആറ് ഫോറും നാല് സിക്സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. കന്നി ടെസ്റ്റ് കളിക്കുന്ന ആകാശ് ഒരു സിക്സടക്കം 29 പന്തില്‍ 9 റണ്‍സെടുത്തു പുറത്തായി. താരത്തെ മടക്കി യുവ താരം ഷൊയ്ബ് ബഷീര്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.