ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ (55), ശുഭ്മാന്‍ ഗില്‍ (പുറത്താകാതെ 52) അര്‍ധ സെഞ്ച്വറി നേടി. ഗില്ലിനൊപ്പം ധ്രുവ് ജുറേലും മികവോടെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. ഒന്നാം ഇന്നിങ്സില്‍ 90 റണ്‍സെടുത്തു ടോപ് സ്‌കോററായ ജുറേല്‍ രണ്ടാം ഇന്നിങ്സില്‍ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലുറച്ച് 39 റണ്‍സെടുത്തു.
ഉച്ച ഭക്ഷണത്തിനു ശേഷം ജഡേജയേയും സര്‍ഫറാസ് ഖാനേയും കൂടി നഷ്ടമായി ഇന്ത്യ നേരിയ ആശങ്കയിലേക്ക് വീണിരുന്നു. എന്നാല്‍ പിന്നീടെത്തിയ ജുറേല്‍ ഗില്ലിനു ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ കൂടുതല്‍ നഷ്ടമില്ലാതെ ലക്ഷ്യം കാണുകയായിരുന്നു.