ചെന്നൈ: ഐപിഎല്‍ പതിനേഴാം പതിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 114 റണ്‍സ് വിജയലക്ഷ്യം. ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയ ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സില്‍ ആണ് കെകെആര്‍ എറിഞ്ഞിട്ടത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസല്‍, രണ്ട് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ എന്നിവരുടെ ബൗളിങ് മികവിലാണ് ഹൈദരാബാദിനെ കൊല്‍ക്കത്ത എറിഞ്ഞൊതുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടക്കം തന്നെ പാളി. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. ഓപ്പണര്‍ അഭിഷേക് ശര്‍മയെ (2) ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക് മടക്കി.
വൈഭവ് ആറോറ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യപന്തില്‍ തന്നെ ട്രാവിസ് ഹെഡ് ഗോള്‍ഡന്‍ ഡക്കായി. മൂന്നാം നമ്പറില്‍ ക്രീസില്‍ എത്തിയ രാഹുല്‍ തൃപാഠിയും (9) അതിവേഗം വീണു. മിച്ചല്‍ സ്റ്റാര്‍ക് ആണ് തൃപാഠിയുടെ വിക്കറ്റും സ്വന്തമാക്കിയത്.
നിതീഷ് റെഡ്ഡി (13), എയ്ഡന്‍ മാര്‍ക്രം (20), ഷഹബാസ് അഹമ്മദ് (8), അബ്ദുല്‍ സമദ് (4) എന്നിവര്‍ക്കും മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. മധ്യനിരയില്‍ പ്രതീക്ഷയായിരുന്ന ക്ലാസന്‍ 16 റണ്‍സുമായി മടങ്ങിയതും ഓറഞ്ച് പടയ്ക്ക് ക്ഷീണമായി. വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ചെറുത്ത് നില്‍പ്പായിരുന്നു ഹൈദരാബാദിനെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.