അയർലന്റിനെതിരെ അനായാസം ടീം ഇന്ത്യ

Advertisement

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
37 പന്തുകള്‍ നേരിട്ട രോഹിത് 52 റണ്‍സെടുത്താണു മടങ്ങിയത്. മൂന്നു സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 4000 റണ്‍സെന്ന നേട്ടവും അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് പിന്നിട്ടു.
ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്
രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വിരാട് കോഹ് ലിക്ക് അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമാണ് നേടാനായത്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – ഋഷഭ് പന്ത് സഖ്യം 54 റണ്‍സ് ചേര്‍ത്ത് മത്സരം വരുതിയിലാക്കി. തുടര്‍ന്ന് 10-ാം ഓവറിനു ശേഷം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 26 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 36 റണ്‍സോടെ പുറത്താകാതെ നിന്ന പന്ത് 12-ാം ഓവറിലെ രണ്ടാം പന്ത് അതിര്‍ത്തി കടത്തി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവാണ് (2) പുറത്തായ മറ്റൊരു താരം.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയാണ് ഐറിഷ് നിരയെ എറിഞ്ഞിട്ടത്.

Advertisement