ഹിറ്റ്മാന്‍ ഷോ; ഇന്ത്യ സെമിയില്‍

Advertisement

മുൻ ചാംപ്യന്മാരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ ട്വന്‍റി ട്വന്‍റി ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. സെന്‍റ് ലൂസിയയിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ 24 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ ജയം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ഓസ്ട്രേലിയയുടെ സെമി സാധ്യതകൾ ഇതോട അനിശ്ചിതത്വത്തിലായി.
ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പവർപ്ലേയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ ഇന്നിങ്സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇന്ത്യൻ സ്കോർ ആറിൽ നിൽക്കുമ്പോൾ വിരാട് കോലിയെ നഷ്ടമായെങ്കിലും രോഹിത് തകർത്തടിച്ചു. 41 പന്തിൽ 8 സിക്സറും 7 ഫോറുമടക്കം 92 റൺസ്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചറി. വെറും 19 പന്തിലാണ് രോഹിത് 50 റൺസ് തികച്ചത്. രോഹിത് പുറത്തായ ശേഷം സ്കോറിങ്ങിനെ വേഗം കുറഞ്ഞെങ്കിലും സൂര്യകുമാർ യാദവിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ 20 ഓവറിൽ 205 റൺസെടുത്തു. സൂര്യ 16 പന്തിൽ 31 റൺസെടുത്തു. ഹാർദിക് പുറത്താകാതെ 27ഉം ശിവം ദുബെ 29ഉം റൺസ് നേടി. 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡ് ആണ് ഓസ്ട്രേലിയൻ ബോളർമാരിൽ മികച്ചുനിന്നത്.

206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആറ് റൺസെടുക്കുന്നതിനിടെ ഡേവിഡ് വാർണറെ നഷ്ടമായി. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. എന്നാൽ ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും അനായാസം ഇന്ത്യൻ ബോളർമാരെ നേരിട്ടു. 28 പന്തിൽ 37 റൺസ് നേടിയ മാർഷിനെ കുൽദീപ് യാദവ് മടക്കി. എന്നാൽ ഹെഡിന്‍റെ കടന്നാക്രമണത്തിൽ ഇന്ത്യ വിറച്ചു. മൽസരം കൈവിട്ടുപോയെന്ന ഘട്ടത്തിൽ അപകടകാരിയായ ഗ്ലെൻ മാക്സ് വെലിനെ പുറത്താക്കി കുൽദീപ് ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് നൽകി. 12 പന്തിൽ 20 റൺസായിരുന്നു മാക്സ് വെലിന്‍റെ സംഭാവന. 43 പന്തിൽ 76 റൺസെടുത്ത ട്രാവിസ് ഹെഡിനെ ബുംറ പുറത്താക്കിയതോടെ മൽസരം ഇന്ത്യയുടെ വരുതിയിലായി. മാർക്കസ് സ്റ്റോയിനിസിനും ടിം ഡേവിഡിനും മാത്യു വെയ്ഡിനും കാര്യമായി ഒന്നും ചെയ്യാനായില്ല. 20 ഓവർ പൂർത്തിയായപ്പോൾ ഓസ്ട്രേലിയ ഏഴുവിക്കറ്റിന് 181 റൺസ്.
4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബോളിങ്ങിന്‍റെ നെടുംതൂണായത്. അർഷ്ദീപ് സിങ് 37 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. അക്സർ പട്ടേൽ, ബുംറ,  എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ രോഹിത്ത് ശർമയാണ് പ്ലേയർ ഓഫ് ദ് മാച്ച്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here