രണ്ടരക്കോടി രൂപ വേണ്ടെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്

Advertisement

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ രണ്ടരക്കോടി രൂപ വേണ്ടെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ മതിയെന്നും ബിസിസിഐയോട് ദ്രാവിഡ് ആവശ്യപ്പെട്ടെന്നാണ് വിവരം.
ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു 125 കോടി രൂപയുടെ വമ്പന്‍ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടീം നാട്ടിലെത്തിയ അന്നു തന്നെ തുക കൈമാറുകയും ചെയ്തു. 125 കോടിയില്‍ 15 താരങ്ങള്‍ക്കും മുഖ്യപരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി വീതമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വിഭജനത്തിലെ അസമത്വത്തില്‍ ‘അതൃപ്തി’ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ബോളിങ് കോച്ച് പരാസ് മാംബ്രെ, ഫില്‍ഡിങ് കോച്ച് ടി ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ക്ക് നല്‍കുന്ന 2.50 കോടി രൂപ തന്നെ തനിക്കും നല്‍ികാല്‍ മതിയെന്നാണ് ദ്രാവിഡിന്റെ നിലപാട്. 15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതം, സപ്പോര്‍ട്ടിങ് സ്റ്റാഫിന് 2.50 കോടി രൂപ വീതം, സെലക്ടര്‍മാര്‍ക്കും റിസര്‍വ് താരങ്ങള്‍ക്കും ഒരു കോടി രൂപ വീതം എന്നിങ്ങനെ തുക നല്‍കാനായിരുന്നു തീരുമാനം. രാഹുലിന്റെ ഈ നിലപാടിന് 125 കോടി രൂപയേക്കാള്‍ മൂല്യമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം.

Advertisement