ഏഷ്യാ കപ്പ് വനിതാ ടി 20; സെമി ഉറപ്പിച്ച് ഇന്ത്യ

Advertisement

യുഎഇയെ 78 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് വനിതാ ടി 20 പോരാട്ടത്തിന്റെ സെമിയില്‍. തുടര്‍ച്ചയായി രണ്ട് വിജയങ്ങളുമായാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ യുഎഇ 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. തനുജ കന്‍വര്‍, രേണുക സിങ്, പൂജ വസ്ത്രാകര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
യുഎഇക്കായി കവിഷ എഗോദഗെ 40 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഇഷ ഒസ 38 റണ്‍സെടുത്തു. ഖുഷി ശര്‍മ 10 റണ്‍സ് കണ്ടെത്തി. മറ്റൊരാളും രണ്ടക്കം തൊട്ടില്ല.
നേരത്തെ ടോസ് നേടി യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും റിച്ച ഘോഷും നേടിയ അര്‍ധ സെഞ്ച്വറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.