ഇംഗ്ലണ്ടിന്റെ മുൻ ബാറ്റർ ​ഗ്രഹാം തോർപ്പ് അന്തരിച്ചു

Advertisement

ഇംഗ്ലണ്ടിന്റെ മുന്‍ മധ്യനിര ബാറ്ററും പരിശീലകനുമായ ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ തിങ്കളാഴ്ചയാണ് വാര്‍ത്ത പങ്കുവച്ചത്. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇതോടെ ചുമതല ഏറ്റെടുക്കാനായില്ല.
1993 മുതല്‍ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലകനാകും മുന്‍പ് സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരോടൊപ്പം ന്യൂ സൗത്ത് വെയില്‍സില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ ബൗളറുമായിരുന്ന താരം 189 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരുന്നു. സറേ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന അദ്ദേഹം 2005-ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013-ല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിലും തോര്‍പ്പ് താത്കാലിക പരിശീലകനായി. സീരിസ് ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയിരുന്നു.