ക്രിക്കറ്ററില്‍ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ യാത്ര സിനിമയാകുന്നു….ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ സംഭവും പുനഃസൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തയും സൂപ്പര്‍ ഹീറോ യുവരാജ് സിംഗിന്റെ ജീവിതം സിനിമയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബയോപിക്കുകളുടെ കൂട്ടത്തില്‍ ഇനി യുവരാജ് സിങ്ങിനെയും കാണാം. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്ങിന്റെ ബയോ പിക് അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് ടി-സിരീസ് എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിവരം. ‘സിക്‌സ് സിക്‌സസ്’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ചിത്രത്തന്റെ പേര് ഇതുതന്നെയാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം, 2011 ലെ ഏകദിന ലോകകപ്പ് നേട്ടം എന്നിവയില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. കളിമികവിനു പുറമെ താരത്തിന്റെ വ്യക്തി ജീവിതവും സിനിമയില്‍ അനാവരണം ചെയ്യും. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച കഥയും സിനിമയില്‍ പറയുമെന്നാണ് സൂചന. ടി-സിരീസ് മേധാവി ഭുഷന്‍ കുമാറിനൊപ്പം, 2017ല്‍ സചിന്‍ തെന്‍ഡുല്‍ക്കറുടെ ബയോപിക് (സചിന്‍: എ ബില്യന്‍ ഡ്രീംസ്) നിര്‍മിച്ച രവി ബാഗ്ചന്ദ്കയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.
2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിനെതിരെ യുവരാജ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ സംഭവം പുനഃസൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2011-ലെ ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തത് യുവരാജിനെ ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തൊട്ടടുത്ത വര്‍ഷം ക്രീസിലേക്ക് തിരിച്ചെത്തിയ യുവി അടുത്ത ഏഴു വര്‍ഷം കൂടി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2019ലാണ് രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

Advertisement