ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം

Advertisement

ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. സ്‌കോര്‍ പാകിസ്താന്‍ 448/6 ഡിക്ലയര്‍ഡ്, 146; ബം?ഗ്ലാദേശ് 565, 30/0. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 14 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരില്‍ മുഹമ്മദ് റിസ്വാന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
51 റണ്‍സെടുത്ത റിസ്വന്‍ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റണ്‍സും ബാബര്‍ അസം 22 റണ്‍സുമെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താന് ആകെ നേടാനായത് 146 റണ്‍സ് മാത്രമാണ്. മെഹിദി ഹസന്‍ നാല് വിക്കറ്റും ഷാക്കിബ് അല്‍ ഹസ്സന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താന്‍ വേണ്ടിയിരുന്നത് വെറും 30 റണ്‍സ് മാത്രമായിരുന്നു. ഓപ്പണര്‍മാരായ സാക്കിര്‍ ഹസ്സനും ഷദ്മാന്‍ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിര്‍ 15 റണ്‍സും ഷദ്മാന്‍ ഇസ്ലാം 9 റണ്‍സും നേടി പുറത്താകാതെ നിന്നു. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരിക്കുന്നത്.

Advertisement