ടെസ്റ്റ് ക്രിക്കറ്റിലെ വേ​ഗതയേറിയ ടീം സെഞ്ചുറി ഇനി ഇന്ത്യയുടെ പേരിൽ

Advertisement

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ പുതിയ റെക്കോഡുമായി ടീം ഇന്ത്യ. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ 37 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 4 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.
ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അതിവേഗം 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി. വെറും 3 ഓവറില്‍ ഇന്ത്യ 51 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറില്‍ 50 അടിച്ചതിന്റെ റെക്കോര്‍ഡാണ് രണ്ടാമതായത്.
ഇന്ത്യയുടെ സെഞ്ച്വറിയും അതിവേഗം തന്നെ വന്നു. 10.1 ഓവറിലാണ് ഇന്ത്യ ടീം സ്‌കോര്‍ 100 കടത്തിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 12.2 ഓവറില്‍ ഇന്ത്യ 100ല്‍ എത്തിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.