വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീം രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെ 6 വിക്കറ്റിന് തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 7 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
ഓപ്പണര്‍ സ്മൃതി മന്ധാന രണ്ടാം പോരിലും പരാജയപ്പെട്ടു. താരമാണ് ആദ്യം മടങ്ങിയത്. 7 റണ്‍സ് മാത്രമാണ് സ്മൃതി കണ്ടെത്തിയത്. എന്നാല്‍ മറുഭാഗത്ത് ഷെഫാലി വര്‍മ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 3 ഫോറുകള്‍ സഹിതം ഷെഫാലി 32 റണ്‍സ് സമ്മാനിച്ച് മടങ്ങി. രണ്ടാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി 45 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് മടങ്ങിയത്. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ജെമിമയ്ക്ക് മികച്ച പിന്തുണ നല്‍കി. അതിനിടെ ജെമിമ (23) റണ്‍സെടുത്തു മടങ്ങി.
ജെമിമയ്ക്ക് പിന്നാലെ എത്തിയ റിച്ച ഘോഷ് ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍ ഒരറ്റത്ത് ഹര്‍മന്‍പ്രീത് ഉറച്ചു നിന്നതോടെ ഇന്ത്യ ജയം കൈവിട്ടില്ല. ഹര്‍മന്‍പ്രീത് 24 പന്തില്‍ 29 റണ്‍സുമായി നില്‍ക്കെ താരം റിട്ടയേര്‍ട് ഹര്‍ട്ടായി മടങ്ങി.
ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയതിനു പിന്നാലെ മലയാളി താരം സജന സജീവനാണ് ക്രീസിലെത്തിയത്. താരം നേരിട്ട ആദ്യ പന്തില്‍ തന്നെ വിജയിക്കാന്‍ ആവശ്യമായ 2 റണ്‍സ് ഫോറടിച്ച് നേടി. 1 പന്തില്‍ 4 റണ്‍സുമായി സജന പുറത്താകാതെ നിന്നു. ടീം വിജയം പിടിക്കുമ്പോള്‍ ദീപ്തി ശര്‍മയായിരുന്നു ശോഭനയ്ക്കൊപ്പം ക്രീസില്‍. താരം 7 റണ്‍സുമായി നിന്നു.