ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖ്യ പരിശീലകന്‍ ജയസൂര്യ ആയിരിക്കും.
ജയസൂര്യയുടെ കീഴില്‍ ലങ്കന്‍ ടീം തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍.
ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകനായി എത്തിയത്. ടി20 പരമ്പര അടിയവറവ് വച്ചെങ്കിലും പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്തി ലങ്ക ചാംപ്യന്‍മാരായിരുന്നു.
അതിനു ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കതിരായ പോരാട്ടത്തിലും ടീം മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റ് വിജയിച്ച് ടീം ചരിത്രമെഴുതി. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിനും ലങ്ക സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന മത്സരങ്ങളാണ് ജയസൂര്യയ്ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.