പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്…മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി

Advertisement

ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.  147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു.
57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.