ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ലോക റെക്കോര്‍ഡ് ഇനി ബറോഡ ടീമിന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ സിക്കിമിനെതിരെ നിശ്ചിത 20 ഓവറില്‍ ടീം പടുത്തുയര്‍ത്തിയത് 349 റണ്‍സ്. ഈ വര്‍ഷം ഒക്ടോബറില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 344 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍. ഈ റെക്കോര്‍ഡാണ് ബറോഡ പഴങ്കഥയാക്കിയത്.
മത്സരത്തില്‍ സിക്കിമിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സില്‍ അവസാനിച്ചു. 263 റണ്‍സിന്റെ കൂറ്റന്‍ ജയവും ബറോഡ ആഘോഷിച്ചു.
സിക്കിമിനെതിരായ പോരില്‍ 51 പന്തില്‍ 15 സിക്‌സും 5 ഫോറും സഹിതം 134 റണ്‍സ് വാരി പുറത്താകാതെ നിന്ന ഭാനു പനിയയുടെ ബാറ്റിങാണ് ബറോഡയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് 37 സിക്‌സുകള്‍ പറത്തി.