അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

Advertisement

ബംഗ്ലദേശിനെ തകര്‍ത്ത് അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. 41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 18.3 ഓവറില്‍ 76 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 പന്തില്‍ 52 റണ്‍സെടുത്ത് ഇന്ത്യന്‍ താരം ഗൊങ്കടി തൃഷ മത്സരത്തില്‍ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്‌കോററാണ് ഓപ്പണിങ് ബാറ്റര്‍ തൃഷ. 21 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിക്കി പ്രസാദും 12 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത മിഥില വിനോദുമാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ 30 പന്തില്‍ 22 റണ്‍സെടുത്ത ജുയ്‌രിയ ഫെര്‍ദോസാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ആയുഷി ശുക്ല മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പരുനിക സിസോദിയ, സോനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജോഷിത ഒരു വിക്കറ്റും സ്വന്തമാക്കി.