കോഹ്ലി അല്ല… ആര്‍സിബിക്ക് പുതിയ ക്യാപ്റ്റന്‍…പുതിയ ജേഴ്സിയും വെബ്സൈറ്റും

Advertisement

2025-ലെ ഐപിഎല്‍ പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ക്യാപ്റ്റന്‍. മധ്യനിര ബാറ്റര്‍ രജത് പട്ടീദാര്‍ ഇനി ആര്‍സിബിയെ നയിക്കും. 2022 മുതല്‍ 2024 വരെ മൂന്ന് വര്‍ഷം ആര്‍സിബിയെ നയിച്ച ഫാഫ് ഡു പ്ലെസിസിന് പകരക്കാരനായാണ് പട്ടീദാര്‍ എത്തുന്നത്.
2021 ല്‍ വിരാട് കോലി നായക സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഡു പ്ലെസിസിനെ ആര്‍സിബിയുടെ ക്യാപ്റ്റനാക്കിയത്. കോലി പുതിയ സീസണില്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് ടീമിന്റെ പ്രഖ്യാപനം.

മാനേജ്‌മെന്റ് ചടങ്ങില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്‍സിബി പുതിയ ക്യാപ്റ്റന്‍ രജത് പട്ടീദാറിന്റെ പേര് പ്രഖ്യാപിച്ചത്. അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് മുതല്‍ വിരാട് കോലി വരെയുള്ള എല്ലാ ക്യാപ്റ്റന്‍മാരെയും വീഡിയോ കാണാം. ഒടുവില്‍ ഫാഫ് ഡു പ്ലെസിസ് രജത് പട്ടീദാറിന് ബാറ്റണ്‍ കൈമാറുന്നതായാണ് കാണിച്ചത്. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 11 കോടി മുടക്കി ആര്‍സിബി നിലനിര്‍ത്തിയ താരമാണ് രജത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനായ രജതിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ടീമിനെ ഫൈനലിലെത്തിക്കാനും കഴിഞ്ഞിരുന്നു.

9 വര്‍ഷം ആര്‍സിബിയെ നയിച്ച വലംകൈയ്യന്‍ സ്റ്റാര്‍ ബാറ്റര്‍ കോലി വീഡിയോ സന്ദേശത്തിലൂടെ രജത് പട്ടീദാറിനെ അഭിനന്ദിച്ചു. ‘രജത്, ഞാനും ടീമിലെ മറ്റ് അംഗങ്ങളും നിങ്ങളുടെ പിന്നില്‍ നില്‍ക്കും.’ ഈ ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ നേടിയ പുരോഗതിയും പ്രകടനവും എല്ലാ ആര്‍സിബി ആരാധകരുടെയും ഹൃദയങ്ങളില്‍ ഇടം നേടിയെന്ന് താരം പറഞ്ഞു.

ആര്‍സിബി പുതിയ ജേഴ്സിയും വെബ്സൈറ്റും
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുതിയ ജേഴ്സിയും ചടങ്ങില്‍ പുറത്തിറക്കി. കൂടാതെ ആരാധകര്‍ക്കായി ഒരു പുതിയ വെബ്സൈറ്റും ആരംഭിച്ചു. ആര്‍സിബി ടീമുമായി ബന്ധപ്പെട്ട ഓരോ പുതിയ അപ്ഡേറ്റും ആരാധകര്‍ ആദ്യം ഇതിലൂടെ അറിയാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here