ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കാന്‍ തയാറാണെന്നും പ്രഖ്യാപനം. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. 2010ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായിട്ടായിരുന്നു സ്മിത്തിന്റെ അരങ്ങേറ്റം. ഓസീസിനായി 170 ഏകദിനങ്ങള്‍ കളിച്ചു.
”ടെസ്റ്റ് ക്രിക്കറ്റായിരിക്കും ഇനി എന്റെ പ്രഥമ പരിഗണനയിലുള്ളത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് മുന്നിലുള്ള ലക്ഷ്യം” എന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്. 2027 ഏകദിന ലോകകപ്പിനായി ഓസ്‌ട്രേലിയന്‍ യുവനിരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇനിയുള്ളത്. അതിനാല്‍ ഇതാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പിന്മാറാനുള്ള ശരിയായ സമയമെന്ന് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.