ഐപിഎല്ലിൽ പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ അഞ്ചാംഗ സംഘം ഡൽഹിയിൽ പിടിയിൽ. പ്രധാന സൂത്രധാരൻ യുദ്ധ്വീറടക്കമുള്ളവരാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വികാസ് പുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എല്‍.ഇ.ഡി ടിവിയും പിടികൂടിയിട്ടുണ്ട്. ഗുജറാത്ത്-ലഖ്‌നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവെപ്പ് നടത്തിയതായാണ് വിവരം. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.