താരലേലത്തിനുള്ള പട്ടികയിൽ ബംഗാൾ കായികമന്ത്രി; സച്ചിന്റെ മകനും ലേലത്തിന്

Advertisement

മുംബൈ∙ ഈ വർഷത്തെ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലത്തിനുള്ളവരുടെ ചുരുക്കപ്പട്ടികയിൽ ഒരു സംസ്ഥാന മന്ത്രിയും! ക്രിക്കറ്റ് താരം കൂടിയായ ബംഗാൾ കായികമന്ത്രി മനോജ് തിവാരിയാണ് താരലേലത്തിനുള്ള 590 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 50 ലക്ഷം രൂപയാണ് തിവാരിയുടെ അടിസ്ഥാന വില. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ, ഏഴു വർഷത്തെ വിലക്കിൽനിന്ന് സ്വതന്ത്രനായി കളത്തിൽ തിരിച്ചെത്തിയ മലയാളി താരം എസ്. ശ്രീശാന്ത്, ടെസ്റ്റ് സ്പെഷലിസ്റ്റായി അറിയപ്പെടുന്ന ചേതേശ്വർ പൂജാര എന്നിവരും ചുരുക്കപ്പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്.

ലേലത്തിനുള്ള ഏറ്റവും പ്രായം കൂടിയ താരം ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ; 42 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ താരം അഫ്ഗാനിസ്ഥാന്റെ നൂർ അഹ്മദ്; 17 വയസ്സ്. ഐപിഎലിൽ ഇതുവരെ 98 മത്സരങ്ങൾ കളിച്ചിട്ടുള്ള തിവാരി, 1695 റൺസും നേടിയിട്ടുണ്ട്. ഇതുവരെ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പർജയന്റ്സ്, പഞ്ചാബ് കിങ്സ് എന്നീ നാലു ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
അതേസമയം, 2018നുശേഷം ഒരു ടീമും തിവാരിയെ ലേലത്തിൽ വാങ്ങിയിട്ടില്ല. ഈ വർഷം ബംഗാൾ രഞ്ജി ടീമിലേക്ക് തിരിച്ചുവരവു നടത്തിയ സാഹചര്യത്തിലാണ് മെഗാ താരലേലത്തിൽ മന്ത്രിയും പേരു ചേർത്തത്. ഇക്കഴിഞ്ഞ ബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്ന തിവാരിയെ, മമതാ ബാനർജി സർക്കാരിൽ കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി നിയമിക്കുകയായിരുന്നു.

തിവാരിക്കു പുറമേ, ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം സജീവ ക്രിക്കറ്റിൽനിന്ന് മാറ്റിനിർത്തപ്പെട്ടശേഷം തിരിച്ചെത്തുന്ന മലയാളി താരം എസ്. ശ്രീശാന്താണ് പട്ടികയിലെ ശ്രദ്ധേയനായ മറ്റൊരു സാന്നിധ്യം. 50 ലക്ഷം രൂപയാണ് ശ്രീയുടെ അടിസ്ഥാന വില.

കഴിഞ്ഞ വർഷത്തെ താരലേലത്തിൽ 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര ഇത്തവണയും അതേ അടിസ്ഥാന വിലയുമായി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വലം കയ്യൻ ബോളർ, ലെഗ് സ്പിന്നർ എന്നിങ്ങനെയാണ് പൂജാരയ്ക്ക് ലേലപ്പട്ടികയിലെ വിശേഷണം. കഴിഞ്ഞ തവണ മറ്റു ടീമുകളുടെ കയ്യടികൾക്കിടെയാണ് 50 ലക്ഷം രൂപയ്ക്ക് ചെന്നൈ പൂജാരയെ സ്വന്തമാക്കിയത്.

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഈ വർഷവും ലേലത്തിനുണ്ട്. അടിസ്ഥാന വില 20 ലക്ഷം രൂപ തന്നെ. കഴിഞ്ഞ സീസണിൽ പരുക്കിനെ തുടർന്ന് ടൂർണമെന്റിനിടെ അർജുൻ പുറത്തായിരുന്നു.

അതിനിടെ, 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് താരലേലത്തിന് റ‍ജിസ്റ്റർ ചെയ്ത തമിഴ്നാട് താരം ഷാരൂഖ് ഖാൻ ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോൾ അടിസ്ഥാന വില കൂട്ടിയതും ശ്രദ്ധേയമായി. 40 ലക്ഷം രൂപയാണ് ചുരുക്കപ്പട്ടിക പ്രകാരം ഷാരൂഖിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ 20 ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ ഷാരൂഖിനെ 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.