ഇന്ത്യൻ ടീമിൽ കൊവിഡ് വ്യാപനം; ശിഖർ ധവാൻ ഉൾപെടെ എട്ടു പേർക്ക് പോസിറ്റിവ്

Advertisement

മുംബൈ: വെസ്റ്റ്‌ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൊവിഡ് തിരിച്ചടി. ശിഖർ ധവാൻ ഉൾപ്പെടെ എട്ട് താരങ്ങൾക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.

മത്സരത്തിനായി അഹമ്മദാബാദിലെത്തിയപ്പോഴാണ് താരങ്ങളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, റിതുരാജ് ഗെയിക്ക്‌വാദ് തുടങ്ങിയവർ പോസിറ്റിവ് ആയവരിൽ ഉൾപെടുന്നു. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ചയാണ് അഹമ്മദാബാദിലെത്തിയത്.

ബിസിസിഐ മെഡിക്കൽ ടീം സ്ഥിതിഗതികൾ നിരീക്ഷിച്ച്‌ വരികയാണ്. കൊവിഡ് ബാധിച്ച താരങ്ങൾക്ക് പകരം പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച്‌ വരുന്നതായാണ് റിപ്പോർട്ടുകൾ. മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ രോഹിതിന് പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.