ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്പിന്നർ അശ്വിൻ

Advertisement

മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ.

ഇതിഹാസ താരം കപിൽ ദേവിനെ (434 ​വിക്കറ്റ്) മറികടന്ന് അശ്വിൻ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി. 132 മത്സരങ്ങളിൽ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാമൻ.

430 വിക്കറ്റുമായി മൊഹാലിയിലെത്തിയ തമിഴ്നാട്ടുകാരൻ ആദ്യ ഇന്നിങ്സിൽ രണ്ടും അവസാന ഇന്നിങ്സിൽ നാലും വിക്കറ്റ് വീഴ്ത്തി. ലങ്കയുടെ രണ്ടാം ഇന്നിങ്സിൽ ചരിത് അസലങ്കയെ വീഴ്ത്തിയാണ് അശ്വിൻ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. പതും നിസങ്കയെ വീഴ്ത്തി കപിലിനൊപ്പമെത്തിയ അശ്വിൻ ശേഷം രണ്ടുവിക്കറ്റ് കൂടി വീഴ്ത്തി. 131 ടെസ്റ്റിലാണ് കപിൽ നേട്ടത്തിലെത്തിയതെങ്കിൽ അശ്വിന് വെറും 85 മത്സരങ്ങൾ മാത്രമാണ് വേണ്ടിവന്നത്.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒമ്പതാമനാണ് അശ്വിൻ. 439 വിക്കറ്റുകളുള്ള ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനാണ് ഇനി അശ്വിന് മുമ്പിലുള്ളത്. കുംബ്ലെ, അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിങ് എന്നീ ബൗളർമാർ മാത്രമാണ് ഇന്ത്യക്കായി ടെസ്റ്റിൽ 400ന് മുകളിൽ വിക്കറ്റ് വീഴ്ത്തിയത്.

Advertisement