വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇൻഡീസിനെ 40.3 ഓവറിൽ 162 റൺസിൽ എറിഞ്ഞാണ് 155 റൺസിന്റെ വമ്പൻ ജയം മിതാലി രാജും ടീമും നേടിയത്. 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിനെ 162 റൺസിന് ഇന്ത്യൻ സംഘം പുറത്തതാക്കി.
ബാറ്റിംഗിൽ സെഞ്ചുറികളുമായി സ്മൃതി മന്താനയും ഹർമൻപ്രീത് കൗറും തിളങ്ങിയപ്പോൾ ബൗളിംഗിൽ സ്നേഹ് റാണ മൂന്നും മേഘ്ന സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. സ്മൃതി 119 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 123 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 107 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 109 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ ശക്തമായ തുടക്കം ലഭിച്ച വിൻഡീസ് വനിതകൾ 100-1 എന്ന നിലയിൽ നിന്ന് 134-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒന്നാം വിക്കറ്റിൽ ഡീൻഡ്രാ ഡോട്ടിൻ-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറിൽ 100 റൺസ് ചേർത്തു. 46 പന്തിൽ 62 റൺസുമായി തകർത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തിൽ 43 റൺസെടുത്ത ഹെയ്ലിയേയും സ്നേഹ് റാണ മടക്കിയത് നിർണായകമായി.
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് ടീമിനുള്ളത്. മികച്ച നെറ്റ് റൺറേറ്റാണ് ടീമിന് തുണയായത്.