ഇന്ത്യൻ ക്യാപ്റ്റന്റെ സിക്‌സിൽ ആരാധകന്റെ മൂക്കിന്റെ പാലം തകർന്നു

Advertisement

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സിക്സർ ദേഹത്ത് പതിച്ച്‌ ആരാധകന് പരിക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പിങ്ക് ബോൾ ടെസ്റ്റ് കാണാനായി എത്തിയ ആരാധകനാണ് രോഹിത്തിന്റെ സിക്സർ ‘പണി നൽകിയത്’. പുൾ ഷോട്ടിലൂടെ രോഹിത് ഗാലറിയിലേക്ക് പായിച്ച പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഗൗരവ് വികാസ് പർവാർ എന്ന 22 വയസുകാരന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്ത് കൊണ്ട് ഗൗരവിന്റെ മൂക്കിന്റെ പാലം തകർന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൂക്കിന്റെ പാലത്തിനേറ്റ പരിക്കിന് പുറമെ ഇയാൾക്ക് വേറെയും പരിക്ക് പറ്റിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്‌ ചികത്സ നൽകിയ ശേഷം ഇയാളെ ഡിസ്ചാർജ് ചെയ്തു. ഒരാഴ്ച വിശ്രമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. ലങ്കൻ ബൗളർ വിശ്വ ഫെർണാണ്ടോ എറിഞ്ഞ ഈ ഓവറിലെ അവസാന പന്തിനെ മനോഹരമായ പുൾ ഷോട്ടിലൂടെയായിരുന്നു രോഹിത് നിലംതൊടാതെ ബൗണ്ടറി കടത്തിയത്. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ക്രീസിൽ അധികനേരം തുടരാൻ ഇന്ത്യൻ ക്യാപ്റ്റനായില്ല. 25 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 15 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. യുവതാരം ശ്രേയസ് അയ്യർ നേടിയ 92 റൺസാണ് ഇന്ത്യക്ക് തുണയായത്. അയ്യരുടെ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 252 റൺസ് എടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 109 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച അവർക്ക് കെവലം 23 റൺസ് ചേർക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 143 റൺസിന്റെ ലീഡായി. കേവലം രണ്ടാം ദിനത്തിലേക്ക് മാത്രം കടന്നിട്ടുള്ള മത്സരത്തിൽ വീണ്ടും ബാറ്റിങിനിറങ്ങി മികച്ച സ്കോർ നേടി ലങ്കയ്ക്ക് മുന്നിൽ അപ്രാപ്യമായ വിജയലക്ഷ്യം പടുത്തയർത്താനാകും രോഹിത്തിന്റെയും സംഘത്തിന്റെയും ശ്രമം.

43 റൺസെടുത്ത ആഞ്ചലോ മാത്യൂസ് ആണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും അശ്വിനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേൽ ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തി.

രണ്ട് മത്സര പരമ്പരയിലെ ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യ ഈ മത്സരം കൂടി സ്വന്തമാക്കി ടെസ്റ്റ് പരമ്ബര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.