മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ലേലത്തിൽ വലിയ തുകയ്‌ക്ക് വിറ്റുപോയതിന് ശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറുന്ന വിദേശ ക്രിക്കറ്റ് താരങ്ങളുടെ എണ്ണം വർഷങ്ങളായി ക്രമാനുഗതമായി വർധിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI), കൃത്യമായ കാരണമില്ലാതെ താരങ്ങൾ ഐപിഎലിൽ നിന്ന് പുറത്താകുന്നത് തടയുന്ന നയം കൊണ്ടുവരാൻ ആലോചിക്കുകയാണ്. ഫ്രാഞ്ചൈസി ടീമുകളുമായി സംസാരിച്ചതിന് ശേഷമാണ് ബിസിസിഐ ഈ തീരുമാനമെടുത്തത്.
അടുത്തിടെ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിൽ,കളിക്കാർ ടൂർണമെന്റിൽ നിന്ന് പിന്മാറുന്ന പ്രവണത തടയാനുള്ള വഴികളെക്കുറിച്ച് ചർച്ച നടന്നതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. വളരെ ആസൂത്രണത്തിന് ശേഷമാണ് ഫ്രാഞ്ചൈസികൾ ഒരു കളിക്കാരനെ ലേലം വിളിക്കുന്നത്, അതിനാൽ ഒരു കളിക്കാരൻ നിസാര കാരണങ്ങളാൽ പിൻമാറിയാൽ, അവരുടെ കണക്കുകൂട്ടൽ തകിടംമറിക്കും.
പരിക്കുകളോ അന്താരാഷ്ട്ര പ്രശ്നങ്ങളോ പൊതുവെ സ്വീകാര്യമായ കാരണങ്ങളായി കണക്കാക്കപ്പെടുന്നു, എന്നാൽ അടുത്തിടെ പല കളിക്കാരും മറ്റ് കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നുവെന്നും അതിനാൽ ഐപിഎലിൽ നിന്ന് പിന്മാറുന്നുവെന്നും പറഞ്ഞുകൊണ്ട് ഇംഗ്ലണ്ട്, ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയ് അടുത്തിടെ പ്രസ്താവനയിൽ പറഞ്ഞിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്ത് അദ്ദേഹത്തെ സ്വന്തമാക്കിയത്. ചെറിയ പ്രശ്‌നങ്ങൾക്ക് പുറത്തായ താരങ്ങളെ നിരീക്ഷണ പട്ടികയിൽ ഉൾപെടുത്തി അവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു നിശ്ചിത വർഷത്തേക്ക് ഐപിഎലിലേക്ക് വരുന്നതിൽ നിന്ന് തടയുന്ന അത്തരമൊരു സമഗ്ര നയം ഉണ്ടാകില്ലെന്നാണ് വിവരം. കേസ് അടിസ്ഥാനത്തിൽ അന്വേഷണം നടത്തി തീരുമാനമെടുക്കും. ആദ്യം പരിശോധന നടത്തും, അതുവഴി കാരണം യഥാർഥമാണോ അല്ലയോ എന്ന് കണ്ടെത്താനാകും. മതിയായ കരണമല്ലെങ്കിൽ വിലക്കും.