മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി വഴങ്ങിയിരിക്കുകയാണ്.
ടീമിന്റെ കിരീട സമ്പന്നമായ ചരിത്രത്തിൽ തന്നെ ഇത്തരമൊരു മോശം തുടക്കം രണ്ടാം തവണയാണ്. എന്നാൽ തോൽവിക്ക് പിന്നാലെ ചെന്നൈയെ ട്രോൾ മഴയിൽ മുക്കിയിരിക്കുകയാണ് കേരളത്തിലെ ട്രോളന്മാർ.
പത്താം സ്ഥാനം പൊന്നു പോലെ നോക്കണമെന്ന് ഹൈദരാബാദ് പറയുന്നത് മുതൽ തുടങ്ങുന്നു ട്രോളുകളുടെ നിര. പോയ സീസണുകളിലെല്ലാം മോശം പ്രകടനം പുറത്തെടുത്ത ടീമായിരുന്നു ഹൈദരാബാദ്. ആദ്യ മൂന്ന് കളികൾ തോറ്റ മുംബൈയും ചെന്നൈയും തമ്മിലായിരിക്കും പത്താം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടം നടക്കുകയെന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ.
ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയെ ആധികാരികമായായിരുന്നു ഹൈദരാബാദ് കീഴടക്കിയത്. ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലായിരുന്നു ഹൈദരാബാദ് മറികടന്നത്. ഓപ്പണർ അഭിഷേക് ശർമ (75), രാഹുൽ (15 പന്തിൽ 39 റൺസ്) എന്നിവരുടെ പ്രകടനമായിരുന്നു വിജയത്തിൽ നിർണായകമായത്.