സന്തോഷ് ട്രോഫി; സെമി ഫൈനലുകൾ രാത്രി 8.30 ന്

Advertisement

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം.രാത്രി എട്ടിന് നടത്താൻ നിശ്ചയിച്ച മത്സരങ്ങൾ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച്‌ രാത്രി 8.30 ലേക്ക് മാറ്റി.

നോമ്പ് തുറന്നതിന് ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിൽ എത്താനാണ് മത്സര സമയം 8.30 ലേക്ക് മാറ്റിയത്. നാളെ (ഏപ്രിൽ 28) നടക്കുന്ന ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും.

ഏപ്രിൽ 29 നുള്ള രണ്ടാം സെമിയിൽ മണിപ്പൂരും വെസ്റ്റ് ബംഗാളുമായാണ് മത്സരം.

രണ്ട് സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഫൈനൽ മെയ് രണ്ടിന് തന്നെ നടക്കും. സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റിൽ വർധനവ് ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വർധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഓഫ്‌ലൈൻ കൗണ്ടർ ടിക്കറ്റുകളുടെ വിൽപന മത്സര ദിവസം 4.30 ന് ആരംഭിക്കും.

തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെയാക്കുന്നത്. ഓഫ്‌ലൈൻ ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാണ്. ഓൺലൈൻ ടിക്കറ്റുകളുടെ വിതരണം ഇന്ന് ( ഏപ്രിൽ 27 ) ആരംഭിക്കും. https://santoshtrophy.com/ വഴിയാണ് ഓൺലൈൻ ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. വൈകീട്ട് മൂന്നോടെ ഓൺലൈൻ ടിക്കറ്റ് വിതരണം അവസാനിപ്പിക്കും.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസൺ ടിക്കറ്റ് എടുത്തവർക്ക് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല. ഈ സീസൺ ടിക്കറ്റ് ഉപയോഗിച്ച്‌ സെമി, ഫൈനൽ മത്സരങ്ങൾ കാണാം. മത്സരം കാണാനെത്തുന്നവർ 7.30 ന് മുമ്പായി സ്റ്റേഡിയത്തിൽ പ്രവേശിക്കണം. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗെയിറ്റുകൾ അടയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisement