മുംബൈ: ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടി-20 പരമ്പര മുതൽ ഇന്ത്യൻ ടീമിൽ കളിപ്പിക്കുക ലോകകപ്പ് ടീമിൽ പരിഗണിക്കുന്നവരെയാവുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അതാണ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിൻ്റെ ശ്രമമെന്നും ഗാംഗുലി പറഞ്ഞു. ജൂലായ് ഏഴിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക.
“ദ്രാവിഡിൻ്റെ ശ്രമം അതാണ്. ഉടൻ തന്നെ സെറ്റായ ഒരു സംഘത്തെ കളിപ്പിക്കാൻ അദ്ദേഹം ആലോചിക്കുന്നുണ്ട്. മിക്കവാറും, വരുന്ന ഇംഗ്ലണ്ട് പര്യടനം മുതലാവും ഇത് ആരംഭിക്കുക. ഒക്ടോബറിൽ നടക്കുന്ന ടി-20 ലോകകപ്പിൽ കളിക്കുന്ന താരങ്ങളാവും പിന്നീട് ടീമിൽ കളിക്കുക.”- ഗാംഗുലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുകയാണ്. പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന ടി-20 ക്ക് ഇറങ്ങുമ്പോൾ പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവിൽ രാത്രി ഏഴിനാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്. ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാണ്. ടോസ് നേടുന്നവർ ആദ്യം ബൗൾചെയ്യാനാകും തീരുമാനിക്കുക.മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും വേണ്ട രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്ക്കാത്തത് ഒഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്.
വിക്കറ്റ് വീഴ്ത്തുന്നതിൽ ബൗളർമാർ മത്സരിക്കുന്നതും ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മികവ് തുടരനാവാത്തതും സീനിയർ താരങ്ങളുടെ പരുക്കുമാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. ക്യാപ്റ്റൻ ബാവുമയാണ് പരുക്കേറ്റവരുടെ പട്ടികയിലെ അവസാന പേരുകാരൻ. എന്നാലും മാച്ച് വിന്നർമാരുടെ നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ കരുതിയിരിക്കണം.