മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഇന്നു ‘ഫൈനൽ’. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യയുടെ 10 വിക്കറ്റ് ജയത്തിന് രണ്ടാം മത്സരത്തിൽ 100 റൺസ് ജയത്തിലൂടെ തിരിച്ചടി നൽകിയ ഇംഗ്ലണ്ട് ആവേശത്തിലാണ്. ഓവലിലെ 10 വിക്കറ്റ് ജയത്തിന്റെ ആവേശവുമായി തിരിച്ചടിക്കാൻ ഇന്ത്യയും. മൂന്നു മത്സര പരമ്പരയിലെ ഇന്നത്തെ കളി ജയിക്കുന്നവർക്ക് കപ്പ് കയ്യിലെടുക്കാം. ഇന്നത്തേത് പകൽ മത്സരമാണ്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30ന് തുടങ്ങും.
തെല്ലും ഭയക്കാതെ അടിച്ചുതകർക്കുക എന്ന പുത്തൻ ശൈലിയിലാണ് ഇപ്പോൾ ഏകദിന ക്രിക്കറ്റും. ട്വന്റി20 സ്വാധീനം 50 ഓവറിലും പ്രകടം. പക്ഷേ ഈ ട്രെൻഡിനു വ്യത്യസ്തമായി ബോളർമാർ തകർത്തെറിഞ്ഞ പരമ്പരയായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ബുമ്രാസ്ത്രത്തിന് ഇംഗ്ലണ്ടിന് മറുപടിയില്ലായിരുന്നു. രണ്ടാം മത്സരത്തിൽ റീസ് ടോപ്‍ലി ടോപ് ഫോമിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞു.
പകൽ മത്സരമായതുകൊണ്ട് ഓൾഡ് ട്രാഫഡിലെ പിച്ചിൽ രാവിലെ പന്ത് നന്നായി സ്വിങ് ചെയ്യാനിടയുണ്ട്. ഇരുടീമിലും മികച്ച ബോളർമാർ ഉള്ളതുകൊണ്ട് ടോസ് നിർണായകമാകും. ഇവിടെ 2019 ലോകകപ്പ് സെമിഫൈനലിൽ വഴങ്ങിയ ഹൃദയഭേദകമായ തോൽവി ഇന്ത്യ ഓർമിക്കുന്നുണ്ടാവും. ഫോം കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിക്ക് ഈ മത്സരവും നിർണായകം. ഒരു മാസത്തെ വിശ്രമത്തിനു പോകുന്ന കോലിക്ക് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാനുള്ള അവസാന അവസരമാണിത്.