ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ഇനിയും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അവസാന മിനിറ്റ് ടിക്കറ്റ് വില്പനയുടെ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ച് ഫിഫ.
സെപ്റ്റംബര്‍ അവസാന വാരം ആരംഭിക്കുന്ന ടിക്കറ്റ് വില്പന ലോകകപ്പ് ഫൈനല്‍ വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ ദോഹയിലെ ഫിഫ കൗണ്ടര്‍ വഴിയും ആരാധകര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. തീയതി പിന്നീട് പ്രഖ്യാപിക്കും. ഫസ്റ്റ് കം ഫസ്റ്റ് എന്ന രീതിയിലാവും ലാസ്റ്റ് മിനിറ്റ് സെയ്ല്.
സെപ്റ്റംബര്‍ അവസാനത്തില്‍ ആരംഭിക്കുന്ന ലാസ്റ്റ് മിനിറ്റ് വില്പന ലോകകപ്പ് ഫൈനല്‍ വരെ നീണ്ടുനില്‍ക്കുന്നത് വഴി കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ വഴിയൊരുങ്ങും. നവംബര്‍ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഡിസംബര്‍ 18നാണ് സമാപിക്കുന്നത്. അതേസമയം, ആദ്യ ഘട്ടങ്ങളില്‍ ടിക്കറ്റ് ആവശ്യക്കാരുടെ പട്ടികയില്‍ ആദ്യപത്തില്‍ ഒന്നായി ഇടം പിടിച്ച ഇന്ത്യയെ പിന്തള്ളി മറ്റു രാജ്യങ്ങള്‍ മുന്‍നിരയിലെത്തി.
യൂറോപ്, തെക്കന്‍ അമേരിക്ക രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ കൂടുതലും ആവശ്യക്കാരുള്ളത്. ഇതിനകം ടിക്കറ്റ് വാങ്ങിക്കൂട്ടിയ ആരാധകര്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ ഹയാ കാര്‍ഡിന് എത്രയും വേഗം അപേക്ഷിക്കണമെന്ന് സംഘാടകര്‍ ഓര്‍മപ്പെടുത്തി.