ഖത്തർ ലോകകപ്പ് സുരക്ഷയ്ക്ക് പാക്കിസ്ഥാൻ സൈനികരെ അയക്കും

Advertisement

ഇസ്‍ലാമബാദ്∙ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ സുരക്ഷയ്ക്കായി പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെ അയക്കുമെന്നു റിപ്പോർട്ടുകൾ. ഇതിനായുള്ള കരാറിന്റെ കരടിന് പാക്കിസ്ഥാൻ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെന്ന് ഇൻഫർമേഷൻ വകുപ്പ് മന്ത്രി മറിയും ഔറംഗസേബാണു പ്രഖ്യാപിച്ചത്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുക.

പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും പാക്ക് ചാരസംഘടനയായ ഐഎസ്ഐയും എതിർത്തിട്ടും കരാറുമായി മുന്നോട്ടുപോകുകയാണെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഖ് ഖത്തർ സന്ദർശിച്ചതിനു പിന്നാലെയാണു നിർണായക തീരുമാനം പുറത്തുവന്നത്. ഖത്തർ ഭരണാധികാരിയുടെ ക്ഷണം സ്വീകരിച്ചാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഖത്തറിലെത്തിയത്.

ലോകകപ്പ് മത്സരം നടക്കുന്ന ഖത്തറിലെ സ്റ്റേഡിയവും പാക്ക് പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. തുർക്കി 3,250 സുരക്ഷാ ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഖത്തറിലുള്ള സുരക്ഷാ ജീവനക്കാർക്കു തുർക്കി പരിശീലനം നൽകുന്നുമുണ്ട്. ഖത്തറിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്നു നാറ്റോയും അറിയിച്ചിട്ടുണ്ട്.