ദോഹ: ആതിഥേയരെന്ന നിലയിൽ ലോകകപ്പിലേക്ക് ലഭിച്ച അരങ്ങേറ്റ അവസരം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ.
മാസങ്ങൾക്കു മുമ്പേ തുടങ്ങിയ കഠിനപരിശീലനവും തയാറെടുപ്പുമെല്ലാമായി ഫെലിക്സ് സാഞ്ചസും കുട്ടികളും കണ്ണു വെച്ചിരിക്കുന്നത് വലിയ ലക്ഷ്യത്തിലേക്കാണ്. ഗ്രൂപ്പും കടന്ന് നോക്കൗട്ടിലെ മിന്നുംപ്രകടനം. അതിനായി മാസങ്ങൾക്കു മുമ്പേ തേച്ചുമിനുക്കുകയാണ് ‘അന്നബി’. കഴിഞ്ഞ ജൂണിലാണ് ഖത്തർ ദേശീയ ടീം പരിശീലനത്തിനായി വിദേശത്തേക്ക് പറന്നത്. ആദ്യ ഒരുമാസക്കാലം സ്പെയിനിൽ. ശേഷം, ഓസ്ട്രിയയിലാണ് കളിയും പരിശീലനവുമെല്ലാം. ഇപ്പോൾ, ചതുർരാഷ്ട്ര ടൂർണമെൻറിൽ പങ്കെടുത്ത് പ്രതിഭ തേച്ചുമിനുക്കുകയാണ് ഖത്തർ.
നാല് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ രണ്ട് സമനിലയും ഒരു വിജയവും. മികച്ച ടീമുകൾക്കെതിരായ പോരാട്ടത്തിലെ തോൽവിയറിയാത്ത ഫലം ടീമിനും പ്രതീക്ഷ നൽകുന്നതാണ്. ആദ്യ അങ്കത്തിൽ മൊറോക്കോ ‘എ’ ടീമിനെതിരെ സമനില (2-2). അടുത്ത കളിയിൽ ഘാന ‘എ’ ടീമിനെ 2-1ന് വീഴ്ത്തി മികച്ച ജയം. കഴിഞ്ഞ രാത്രിയിൽ ജമൈക്കക്കെതിരെ 1-1ന് സമനില.
മുതിർന്ന താരങ്ങൾക്കും യുവനിരക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയായിരുന്നു ഖത്തർ മൂന്ന് മത്സരങ്ങളും കളിച്ചത്. ഘാനക്കെതിരെ അഹമ്മദ് അലാവുദ്ദീൻ, മുസാബ് ഖാദിർ എന്നിവർ സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. എതിരാളികൾ നേടിയ ആശ്വാസ ഗോൾ സെൽഫായി ഖത്തറിൻറെ വകയായിരുന്നു. കഴിഞ്ഞ രാത്രിയിൽ ഘാനക്കെതിരെ ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഇരുനിരയും ലക്ഷ്യംകണ്ടത്. 70ാം മിനിറ്റിൽ ജോർദിയൻ ഫ്ളെച്ചർ ജമൈക്കക്കായി ആദ്യം ഗോൾ നേടി. 83ാം മിനിറ്റിൽ ഖാലിദ് മുനീറിലൂടെ ഖത്തർ സമനില നേടി. പുതുമുഖ താരമായ ഖാലിദ് മുനീർ ദേശീയ ടീമിനായി കുറിക്കുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
കോച്ച് ഫെലിക്സ് സാഞ്ചസിനും ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്കും പ്രതീക്ഷ നൽകുന്നതാണ് ഖത്തറിൻറെ പ്രകടനം. ആഫ്രിക്കയിലെയും മറ്റും ശക്തരായ എതിരാളികളുമായുള്ള പോരാട്ടങ്ങൾ പരിചയ സമ്പത്ത് എന്നതിനൊപ്പം യുവതാരങ്ങൾക്ക് അവസരങ്ങളുമായി മാറും. ലോകകപ്പ് മത്സരങ്ങൾക്കു മുന്നോടിയായി കാനഡ, ചിലി ടീമുകൾക്കെതിരെയും ഖത്തർ സന്നാഹ മത്സരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നവംബർ 20ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ എക്വഡോറാണ് ഖത്തറിൻറെ ആദ്യ എതിരാളി.