ദോഹ: ലോകകപ്പ് ഫുട്ബാൾ സംപ്രേഷണത്തിനായി രാജ്യത്തെത്തുന്ന ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങളുൾപ്പെടെയുള്ള പ്രഫഷനൽ ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവയിൽ ഇളവ്.
നിശ്ചിത കാലത്തേക്ക് കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ ഉൽപന്നങ്ങൾക്കും ഉപകരണങ്ങൾക്കും കയറ്റുമതിക്കും ഇറക്കുമതിക്കും താൽക്കാലികമായി നൽകുന്ന അനുമതിയാണ് എ.ടി.എ കാർനെറ്റ്. കസ്റ്റംസ് ജനറൽ അതോറിറ്റി ഇത് അംഗീകരിച്ചത് നിരവധി പേർക്ക് ഗുണം ചെയ്യും.
വലിയ പ്രദർശനങ്ങൾ, വിപണന മേള തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിന് ചരക്കുകളും സാധനങ്ങളും എത്തിക്കുന്നതിന് സൗകര്യമൊരുക്കുന്നതിൻറെ ഭാഗമായി 2018ൽ രാജ്യത്ത് എ.ടി.എ വ്യവസ്ഥ നടപ്പാക്കിയിരുന്നു. എന്നാൽ, നിലവിൽ എ.ടി.എ കാർനെറ്റ് പരിധിയിൽ ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങൾ പോലെയുള്ള തൊഴിലുപകരണങ്ങളും ഉൽപന്നങ്ങളും ഉൾപ്പെടുകയില്ല. ലോകകപ്പ് പോലെയുള്ള വമ്ബൻ കായിക മാമാങ്കത്തിൻറെ സംപ്രേഷണമുൾപ്പെടുന്ന മാധ്യമ മേഖലയുടെ സൗകര്യത്തിനായി അസാധാരണ സാഹചര്യം കണക്കിലെടുത്താണ് എ.ടി.എ കാർനെറ്റ് പരിധി പുനർ നിശ്ചയിച്ചത്.
ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെയാണ് ഇളവ്. ഇൻറർനാഷനൽ ചേംബർ ഓഫ് കൊമേഴ്സ്, ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവർ കസ്റ്റംസ് അധികൃതരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് എ.ടി.എ കാർനെറ്റ് പരിധി വിപുലീകരിക്കാൻ തീരുമാനമായത്.
ഉപകരണങ്ങൾ തിരികെ കയറ്റുമതി ചെയ്യാനുള്ള അവസാന തീയതി പിന്നീട് അറിയിക്കും. ഇറക്കുമതി ചെയ്യാനും പിന്നീട് കയറ്റുമതി ചെയ്യാനും ആവശ്യമായ സമയം പരിഗണിച്ചായിരിക്കും ഇത്.
എ.ടി.എ കാർനെറ്റ് ഉപയോഗിച്ച് ബ്രോഡ്കാസ്റ്റ് ഉപകരണങ്ങൾ കസ്റ്റംസ് തീരുവയില്ലാതെ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും പിന്നീട് കയറ്റുമതി ചെയ്യുന്നതിനും അംഗരാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റേഴ്സിന് സൗകര്യമൊരുക്കിയ ഖത്തർ ചേംബറിന് നന്ദി അറിയിക്കുന്നുവെന്ന് ഇൻറർനാഷനൽ ചേംബർ ഓഫ് കൊമേഴ്സ് എ.ടി.എ കാർനെറ്റ് കൗൺസിൽ ചെയർമാൻ റൂഡി ബോളിഗർ പറഞ്ഞു.
ഈ വർഷം ബെയ്ജിങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സ്, പാരാലിമ്പിക്സിനായി ബ്രോഡ്കാസ്റ്റിങ് ഉപകരണങ്ങളുൾപ്പെടെ 118,000 വസ്തുക്കളാണ് എ.ടി.എ കാർനെറ്റ് പ്രകാരം തീരുവയില്ലാതെ എത്തിച്ച് പിന്നീട് കയറ്റുമതി ചെയ്തത്.