ദോഹ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളായ വിദേശീയർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റ് ഇ-മെയിൽ വഴി ലഭിക്കും. ഡിജിറ്റൽ ഹയാ കാർഡ് ലഭിച്ച എല്ലാ ടിക്കറ്റ് ഉടമകൾക്കും നവംബർ ഒന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം.
എൻട്രി പെർമിറ്റുകൾ പിഡിഎഫ് ആയി അവരവരുടെ ഇ-മെയിലിൽ ലഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ കാർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഖുവാരി വ്യക്തമാക്കി. അലി ബിൻ ഹമദ് അൽ അത്തിയ്യ അറീനയിലും ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലുമായി രണ്ട് ഹയാ കാർഡ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
ഹയാ കാർഡിന്റെ പ്രിന്റഡ് ആവശ്യമുള്ളവർക്ക് ഇവിടങ്ങളിൽ നേരിട്ടെത്തി വാങ്ങാം. ഹയാ കാർഡ് സംബന്ധമായ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഈ സെന്ററുകളുടെ സേവനം തേടാം. അതേസമയം ഹയാ കാർഡിന്റെ പ്രിന്റഡ് ആവശ്യമില്ല.
കൈവശം ഡിജിറ്റൽ കോപ്പി മതിയെന്നും അൽ ഖുവാരി വ്യക്തമാക്കി. ലോകകപ്പ് ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ഹയാ കാർഡ് നിർബന്ധമാണ്. നവംബർ 1 മുതൽ ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം.