പണി അറിയാത്തവരെ ഈ ജോലിക്ക് നിർത്തരുത്; റഫറിക്കെതിരെ പൊട്ടിത്തെറിച്ച്‌ മെസ്സി

Advertisement

ദോഹ: ആവേശകരമായ നെതർലൻഡ്സ്-അർജൻറീന ക്വാർട്ടർ പോരിൽ 18 മഞ്ഞകാർഡുകളാണ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി മാതേവു ലാഹോസ് പുറത്തെടുത്തത്.

ഇതിൽ സൂപ്പർ താരം ലയണൽ മെസ്സിയടക്കം എട്ടു അർജൻറീന താരങ്ങളും ഏഴു നെതർലൻഡ്സ് താരങ്ങളും ഉൾപ്പെടും.

ഡെൻസൽ ഡെംഫ്രീസിന് രണ്ടു മഞ്ഞകാർഡുമായി മാർച്ചിങ് ഓർഡറും ലഭിച്ചു. റഫറി കാർഡ് ഉയർത്താൻ കാണിച്ച തിടുക്കം മത്സരത്തിൻറെ ആവേശം കെടുത്തിയെന്ന വിമർശനം ശക്തമാണ്. നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനിലയിൽ കലാശിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലാണ് അർജൻറീന ജയിച്ചത്. മത്സരത്തിനുശേഷം റഫറിക്കെതിരെ മെസ്സി രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്.

പണി അറിയാത്തവരെ ഈ ജോലിക്ക് നിർത്തരുതെന്ന തരത്തിലായിരുന്നു മെസ്സിയുടെ വിമർശനം. ‘റഫറിയെ കുറിച്ച്‌ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അവർ വിലക്കേർപ്പെടുത്തും. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് ജനം നേരിട്ട് കണ്ടതാണ്’ -മെസ്സി പറഞ്ഞു.

ഫിഫ ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതുന്നു, ഇത്രയും പ്രാധാന്യമുള്ള ഒരു മത്സരത്തിന് ഇത്തരത്തിൽ ഒരു റഫറിയെ ഇടാൻ പാടില്ലായിരുന്നു. ചുമതല നിർവഹിക്കുന്നതിൽ റഫറി പരാജയപ്പെടരുതെന്നും മെസ്സി കൂട്ടിച്ചേർത്തു. ഫൈനൽ നിയന്ത്രിക്കാനുള്ള റഫറിമാരുടെ സാധ്യത പട്ടികയിൽ ലാഹോസിൻറെ പേരും ഉയർന്നുകേട്ടിരുന്നു.

2006ലെ ലോകകപ്പിൽ പോർചുഗൽ-നെതർലൻഡ്സ് മത്സരത്തിനിടെ റഫറി 16 മഞ്ഞകാർഡുകൾ പുറത്തെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ‘ബാറ്റിൽ ഓഫ് ന്യൂറംബർഗ്’ എന്ന പേരിലാണ് അന്നത്തെ മത്സരം അറിയപ്പെട്ടിരുന്നത്. ഈ റെക്കോഡാണ് അർജൻറീന-നെതർലൻഡ്സ് മത്സരത്തോടെ പഴങ്കഥയായത്.

Advertisement