കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ രാജസ്ഥനെ എതിരില്ലാത്ത ഏഴു ഗോളിന് കേരളം തോൽപിച്ചു. കോഴിക്കോട് ഇഇംഎസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ മൂന്നു താരങ്ങൾ ഇരട്ടഗോൾ നേടി.
എം.വിഘ്നേഷ്, നരേഷ് ഭാഗ്യനാഥ്, റിസ്‌വാൻ അലി എന്നിവരാണ് രണ്ടു തവണ വീതം രാജസ്ഥാന്റെ വലകുലുക്കിയത്. നിജോ ഗിൽബർട്ടാണ് കേരളത്തിന്റെ മറ്റൊരു ഗോൾ വേട്ടക്കാരൻ. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്തായി.
മത്സരത്തിന്റെ ഉടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ കേരളം, ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. രാജസ്ഥാൻ പ്രതിരോധം മറികടന്ന് നിജോ ഗിൽബർട്ടാണ് വലകുലുക്കിയത്. 12–ാം മിനിറ്റിൽ കേരളത്തിന്റെ അടുത്ത ഗോളും പിറന്നു. ഇത്തവണ വിഘ്നേഷിന്റെ ഊഴമായിരുന്നു. ഗോൾകീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. 20-ാം മിനിറ്റിൽ വിഘ്നേഷ് വീണ്ടും വലകുലുക്കി. സ്കോർ 3–0. പിന്നീട് 23, 36, 54, 81 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ ഗോളുകൾ. ഡിസംബർ 29ന് ബിഹാറിനെതിരെയാണ് നിലവിലെ ചാംപ്യന്മാരായ കേരളത്തിന്റെ അടുത്ത മത്സരം.