പഞ്ചാബിനോടു സമനില മാത്രം; സന്തോഷ് ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്

Advertisement

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ കേരളം പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പഞ്ചാബിനോടു സമനില വഴങ്ങിയതോടെയാണു കേരളം പുറത്തായത്. കേരളത്തിനായി 24–ാം മിനിറ്റിൽ വൈശാഖ് മോഹനനാണു ഗോൾ നേടിയത്.

അബ്ദുൽ റഹ്മാന്റെ പാസിൽ നിന്നായിരുന്നു കേരളത്തിന്റെ ഗോൾ പിറന്നത്. 39–ാം മിനിറ്റിൽ രോഹിത് ഷെയ്ഖിലൂടെ പഞ്ചാബ് മറുപടി ഗോൾ നേടി. വീണ്ടും ലീഡെടുക്കാൻ കേരളം ശ്രമിച്ചെങ്കിലും രണ്ടാം പകുതി ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. ഏഴു പോയിന്റുണ്ടായിരുന്ന കേരളത്തിന് സെമി ഉറപ്പിക്കാൻ ഇന്നത്തെ കളി ജയിക്കണമായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു വീതം ജയവും സമനിലയും ഒരു തോൽവിയുമാണു കേരളത്തിനുള്ളത്, ആകെ എട്ടു പോയിന്റ്. എ ഗ്രൂപ്പ് ചാംപ്യൻമാരായ പഞ്ചാബിന് 11 പോയിന്റുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണു സെമി യോഗ്യത. പഞ്ചാബിനൊപ്പം കർണാടക സെമി ഫൈനൽ ഉറപ്പിച്ചു. കർണാടകയ്ക്ക് ഒൻപതു പോയിന്റുണ്ട്.