വീണ്ടും വരുന്നു ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി പോരാട്ടം; ഇനി കളി കോഴിക്കോട്

Advertisement

കോഴിക്കോട്: സൂപ്പർ കപ്പിന്റെ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിൽ ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണുള്ളത്. ക്വാളിഫയർ കളിച്ച് ഒരു ടീം കൂടി എ ഗ്രൂപ്പിലെത്തും. ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

ഏപ്രിൽ 16ന് കോഴിക്കോടു നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. ഏപ്രിൽ 12നും ബ്ലാസ്റ്റേഴ്സിനു മത്സരമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോൾ വൻ വിവാദങ്ങൾക്കും വഴിയൊരുക്കി. മത്സരം നിർത്തി ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടെങ്കിലും എഐഎഫ്എഫ് അംഗീകരിച്ചില്ല. കളി നിർത്തി ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശിക്ഷാനടപടികളുമുണ്ടാകും. ഐഎസ്എല്ലിലെ വിവാദങ്ങൾക്കു ശേഷം ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്ന മത്സരമാണ് സൂപ്പർ കപ്പിലേത്.

കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലാണ് സൂപ്പർ കപ്പിലെ മത്സരങ്ങൾ. ഐ ലീഗിലെ പത്ത് ടീമുകളും ഐഎസ്എല്ലിലെ 11 ടീമുകളുമാണു കളിക്കുന്നത്. യോഗ്യതാ മത്സരങ്ങൾക്കു ശേഷമാണ് ഏപ്രിൽ എട്ടു മുതൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുക. ബി ഗ്രൂപ്പിൽ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ ടീമുകളാണു കളിക്കുന്നത്.

എടികെ, എഫ്സി ഗോവ, ജംഷഡ്പൂർ ടീമുകൾ സി ഗ്രൂപ്പിലും മുംബൈ സിറ്റി, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകൾ ‍ഡി ഗ്രൂപ്പിലും കളിക്കും. നാല് ഗ്രൂപ്പിലും യോഗ്യതാ മത്സരം കളിച്ചെത്തുന്ന ഓരോ ടീമുകൾ വീതവും ഉണ്ടാകും. ഏപ്രിൽ 25ന് കോഴിക്കോടു വച്ചാണു ഫൈനൽ.