ഞാന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Advertisement

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ് അല്‍നസ്‌റിനായി കളിക്കുന്ന ക്രിസ്റ്റ്യാനോ ഗോള്‍ അറേബ്യയെന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്ന തര്‍ക്കം ആരാധകര്‍ക്കിടയില്‍ മുറുകുന്നതിനിടയിലാണ് റൊണാള്‍ഡോയുടെ അഭിപ്രായപ്രകടനം. ഖത്തറില്‍ നടന്ന ലോകകപ്പില്‍ ജേതാക്കളായതോടെ നേട്ടങ്ങളുടെ പട്ടിക തികച്ച അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഫുട്‌ബോളിലെ സിംഹാസനത്തിന് അര്‍ഹന്‍ എന്നാണ് ക്രിസ്റ്റ്യാനോ വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും 38 കാരനായ ക്രിസ്റ്റ്യാനോയെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നത്.