ലയണല്‍ മെസ്സി വാഹനാപകടത്തില്‍നിന്ന് നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു

Advertisement

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി വാഹനാപകടത്തില്‍നിന്ന് നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേരാന്‍ യുഎസിലെത്തിയ മെസ്സി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടാതെ രക്ഷപെട്ടത് നേരിയ വ്യത്യാസത്തിലാണ്. മയാമിയിലെ ഒരു ട്രാഫിക് സിഗ്‌നലില്‍വച്ചാണ് സംഭവം. മെസ്സി സഞ്ചരിച്ചിരുന്ന വാഹനവും പൊലീസിന്റെ സുരക്ഷാ വാഹനവും ട്രാഫിക് സിഗ്‌നല്‍ പാലിക്കാതെ റോഡിലേക്കു കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അപ്രതീക്ഷിതമായി റോഡിലേക്കു വാഹനം കയറിയതോടെ മറ്റു വാഹനങ്ങള്‍ സ്ലോ ചെയ്യുകയായിരുന്നു. മെസ്സിയാണോ വാഹനമോടിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മയാമി ക്ലബ്ബില്‍ ചേരാനായി കഴിഞ്ഞ ദിവസമാണ് മെസ്സി യുഎസിലേക്കെത്തിയത്. കുടുംബത്തോടൊപ്പം ഫ്‌ലോറിഡയില്‍ വിമാനമിറങ്ങിയ മെസ്സി കഴിഞ്ഞ ദിവസം സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പോയിരുന്നു. സാധാരണക്കാരനെപ്പോലെ സുരക്ഷയൊന്നുമില്ലാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഞായറാഴ്ചയാണ് മെസ്സിയെ ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലെ മെസ്സിയുടെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌കെറ്റ്‌സും ഇന്റര്‍ മയാമിയില്‍ ചേരുമെന്നു വിവരമുണ്ട്. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ടാണ് ലയണല്‍ മെസ്സി യുഎസിലെത്തിയത്.

Advertisement