ഇന്ത്യന്‍ ഇതിഹാസം ബൂട്ടഴിക്കുമ്പോള്‍…..

Advertisement

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരിക്കലും മായാത്ത മുഖമായി സുനില്‍ ഛേത്രി കളം നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് അദ്ദേഹത്തിന്റെ മടക്കം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. ഗോള്‍ വേട്ടയില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ഛേത്രിയുമുണ്ട്.

2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്‌റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി.

Advertisement