എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും 1 ബില്യണ്‍ ഫോളോവേഴ്‌സുമായി ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ സന്തോഷ വാര്‍ത്ത താരം അറിയിച്ചത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ 113 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 638 ദശ ലക്ഷം കഴിഞ്ഞ മാസം ആരംഭിച്ച യൂട്യൂബ് ചാനലില്‍ 60.5 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍.
‘നൂറു കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നായിരുന്നു 100 കോടി ഫോളോവേഴ്‌സായ നിമിഷത്തെ കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിങ്ങള്‍ എന്നില്‍ വിശ്വസിച്ചതിനും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും എന്നെ പിന്തുണയ്ക്കുന്നതിനും നന്ദി, മികച്ചത് ഇനിയും വരാനിരിക്കുന്നതെയുള്ളൂ. നമ്മള്‍ ഒന്നിച്ച് മുന്നേറി ചരിത്ര വിജയും കുറിക്കുമെന്നുമാണ് ക്രിസ്റ്റ്യാനോ പറഞ്ഞു.
ഫുട്‌ബോള്‍ ലോകത്ത് ആരാധകരേറെയുള്ള സി ആര്‍ 7 എന്ന റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. യൂട്യൂബില്‍ താനിടുന്ന വീഡിയോകളുടെ കണ്ടന്റ് ഫുഡ്‌ബോള്‍ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉള്‍പ്പെടുമെന്നും 39 കാരനായ താരം നേരത്തെ അറിയിച്ചിരുന്നു.
2024 ഓഗസ്റ്റ് 21-നാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ തന്നെ റൊണാള്‍ഡോ യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ എന്നിവ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ 100 കോടി ഫോളോവേഴ്‌സുമായി ചരിത്രം കുറിച്ചത്.