വിശ്വ വിജയികൾക്ക് 319 കോടി രൂപ; ഖത്തർ ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ചു

Advertisement

ദോഹ: ഖത്തർ ലോകകപ്പ് ജേതാക്കൾക്ക് വമ്പൻ സമ്മാന തുക പ്രഖ്യാപിച്ച്‌ സംഘാടകർ. ലോകകപ്പ് നേടുന്ന ടീമിന് 319 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക.
റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് 205 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 189 കോടി രൂപയുമാണ് സമ്മാനം. തീർന്നില്ല, ലോകകപ്പിലെ സമ്മാനപ്പെരുമഴ. അഞ്ച് മുതൽ എട്ട് സ്ഥാനങ്ങളിൽ, അതായത് ക്വർട്ടർ ഫൈനലിൽ തോൽക്കുന്ന ടീമുകൾക്ക് 129 കോടി രൂപ വീതമാണ് സമ്മാനം.

പ്രീ ക്വാർട്ടറിൽ തോൽക്കുന്ന ടീമുകൾക്കും വൻ സമ്മാനമാണ് ലഭിക്കുക. 98 കോടി രൂപ വീതമാണ് ഈ ടീമുകൾക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്കുമുണ്ട് ഭേദപ്പെട്ട സമ്മാന തുക 68 കോടി രൂപയാണ് ഈ ടീമുകൾക്ക് ലഭിക്കുക. 2500 കോടിയിലേറെ രൂപയാണ് ഖത്തർ ലോകകപ്പിൽ വിവിധ ടീമുകൾക്കും മികച്ച കളിക്കാർക്കുമായി ലഭിക്കുക.

അയ്യായിരം കോടി രൂപ വരുമാനമാണ് ഖത്തർ ലോകകപ്പിലൂടെ ഫിഫ ലക്ഷ്യമിടുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ ശക്തികളായ യുറുഗ്വായിയെ നേരിടും.

ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ ആണ് മരണഗ്രൂപ്പ്. ഇവർക്കൊപ്പം ന്യൂസീലൻഡ് X കോസ്റ്റ റിക്ക പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന നറുക്കെടുപ്പിൽ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.

അർജന്റീനയും പോളണ്ടും സി ഗ്രൂപ്പിലായതോടെ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയും ഗ്രൂപ്പ് ഘട്ടത്തിൽ മുഖാമുഖമെത്തും. ഇവർക്കൊപ്പം മെക്സിക്കോയും സൗദി അറേബ്യയും കൂടി ചേരുന്നതോടെ ഈ ഗ്രൂപ്പും ശക്തം. പോർച്ചുഗലും യുറഗ്വായും ഗ്രൂപ്പ് എച്ചിൽ ഒന്നിച്ചെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ x ലൂയി സ്വാരസ് പോരാട്ടത്തിനും ഗ്രൂപ്പ് ഘട്ടം വേദിയാകും. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഇവർക്കൊപ്പമുള്ളത്.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ് ടീമുകൾ മത്സരിക്കും. ഗ്രൂപ്പ് ബി യിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, എന്നീ ടീമുകൾക്കൊപ്പം യുക്രൈനോ വെയ്ൽസോ സ്‌കോട്‌ലൻഡോ ഇടം നേടും.

നിലവിലെ ചാമ്ബ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ടു. ഈ ഗ്രൂപ്പിൽ ഡെന്മാർക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

ഗ്രൂപ്പ് എഫിൽ 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് ജിയിൽ നിലവിലെ ലോക ഒന്നാം നമ്പർ ടീമായ ബ്രസീൽ മാറ്റുരയ്ക്കും. സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. അവസാന ഗ്രൂപ്പായ എച്ചിൽ പോർച്ചുഗൽ, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകൾ കളിക്കും.

ഗ്രൂപ്പ് എ

  1. ഖത്തർ
  2. ഇക്വഡോർ
  3. സെനഗൽ
  4. നെതർലൻഡ്‌സ്

ഗ്രൂപ്പ് ബി

  1. ഇംഗ്ലണ്ട്
  2. ഇറാൻ
  3. അമേരിക്ക
  4. യുക്രൈൻ/ സ്‌കോട്‌ലൻഡ് / വെയ്ൽസ്‌

ഗ്രൂപ്പ് സി

  1. അർജന്റീന
  2. സൗദി അറേബ്യ
  3. മെക്‌സിക്കോ
  4. പോളണ്ട്

ഗ്രൂപ്പ് ഡി

  1. ഫ്രാൻസ്
  2. യു.എ.ഇ, അല്ലെങ്കിൽ ഓസ്‌ട്രേലിയ അല്ലെങ്കിൽ പെറു
  3. ഡെന്മാർക്ക്
  4. ടുണീഷ്യ

ഗ്രൂപ്പ് ഇ

  1. സ്‌പെയിൻ
  2. കോസ്റ്റ റീക്ക അല്ലെങ്കിൽ ന്യൂസീലൻഡ്
  3. ജർമനി
  4. ജപ്പാൻ

ഗ്രൂപ്പ് എഫ്

  1. ബെൽജിയം
  2. കാനഡ
    3.മൊറോക്കോ
  3. ക്രൊയേഷ്യ

ഗ്രൂപ്പ് ജി

  1. ബ്രസീൽ
  2. സെർബിയ
  3. സ്വിറ്റ്‌സർലൻഡ്
  4. കാമറൂൺ

ഗ്രൂപ്പ് എച്ച്‌

  1. പോർച്ചുഗൽ
  2. ഘാന
  3. യുറുഗ്വായ്
  4. ദക്ഷിണകൊറിയ

മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടന്നത്.

ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13-14 തീയതികളിലാണ് പ്ലേഓഫ് മത്സരങ്ങൾ.

Advertisement