കൊച്ചിയിലേക്ക് ബ്ളാസ്റ്റേഴ്സ് മടങ്ങിയെത്തുന്നു; അടുത്ത സീസണിലെ ഹോം മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ

Advertisement

കൊച്ചി: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.

2022 ഒക്ടോബർ മുതൽ 2023 മാർച്ച്‌ വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് മാസത്തോടെ കേരള ബ്ളാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ളാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജിസിഡിഎ സഹായവും സഹകരണവും തുടർന്നും നൽകും. കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജി സി ഡി എ യും ബ്ളാസ്റ്റേഴ്‌സും ഒരുമിച്ച്‌ ശ്രമിക്കുമെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കും. കേരള ബ്ലാസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നൽകും.

കേരള ബ്‌ളാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ് സ്ട്രീമിങ്ങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എ യും കേരള ബ്ളാസ്റ്റേഴ്‌സും നടത്തുന്നത്.

ജി സി ഡി എ ചെയർമാൻ ശ്രീ കെ ചന്ദ്രൻപിള്ള, കേരള ബ്ളാസ്റ്റേഴ്സ് ഡയറക്ടർ ശ്രീ നിഖിൽ ഭരദ്വാജ് എന്നിവർ ജി സി ഡി എ യിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.

“കേരള ബ്‌ളാസ്റ്റേഴ്‌സുമായി ഒരു ദീർഘകാലബന്ധമാണ് ഇനിയും ജിസിഡിഎ ഊട്ടി ഉറപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. കാലോചിതമായ എല്ലാ കൂട്ടിച്ചേർക്കലും സ്റ്റേഡിയത്തിന്റെ സൗകര്യങ്ങൾ വികസിപ്പിക്കലും സ്പോർട്സിനെ തന്നെ ഒരു പ്രധാന പ്രവർത്തനമേഖലയായി കണക്കാക്കുന്ന ജിസിഡിഎ ഏറ്റെടുക്കുന്നതാണ് ” ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു.

കൊച്ചിയിലെ ഫുട്ബോൾ മേഖലയുടെ പുരോഗതിക്കായി ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ദീർഘകാല ബന്ധത്തിനായി പ്രവർത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ജിസിഡിഎ ചെയർമാന്റെ പിന്തുണയോടെ കൊച്ചിയിലെ ഫുട്ബോൾ ലോകത്തിന് വലിയ വളർച്ച നേടാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ജിസിഡിഎയുടെ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു കൂടാതെ കലൂരിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ആരാധകരെയും തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുകയാണെന്ന് കേരള ബ്‌ളാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.