കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയൻ ഇനി ഡോക്ടർ ഐ.എം വിജയൻ.
റഷ്യയിലെ അക്കാൻഗിർസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.
ഇന്ത്യൻ ഫുട്‌ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയൻ. കേരളം ജന്മം നൽകിയ ഫുട്‌ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയൻ. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിരുന്നു.
പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്‌ബോൾ ടീമിൽ ഐ.എം വിജയൻ അംഗമാകുന്നത്. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി പൊലീസ് ടീം ഇന്ത്യൻ ഫുട്‌ബോളിൽ വൻശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ ഐ.എം വിജയൻ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്‌കോറർ ആയി തിളങ്ങിയിട്ടുണ്ട്.