ഒരു വാട്സ്ആപ്പ് അക്കൗണ്ട് രണ്ട് ഫോണുകളിൽ; കംപാനിയൻ മോഡ്, ആദ്യം ടാബ്‌ലെറ്റുകൾക്ക്

Advertisement

ഒരേസമയം രണ്ട് ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറായ ‘കംപാനിയൻ മോഡി’നെ കുറിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു വാട്സ്ആപ്പ് ട്രാക്കറായ WABetaInfo സൂചന നൽകിയത്. അത് വൈകാതെ സ്മാർട്ട്ഫോൺ യൂസർമാരിലേക്ക് എത്തിയേക്കും. കാരണം, ആൻഡ്രോയ്ഡ് ടാബ്‌ലെറ്റിന് ആ ഫീച്ചർ വാട്സ്ആപ്പ് നൽകിത്തുടങ്ങി.

നിങ്ങളുടെ ഫോണിൽ ലോഗ്-ഇൻ ചെയ്തിരിക്കുന്ന വാട്സ്ആപ്പ് അക്കൗണ്ട് കംപ്യൂട്ടറിലും ലാപ്ടോപ്പിലുമൊക്കെ ഉപയോഗിക്കാനായി ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഓപ്ഷനുള്ളതായി എല്ലാവർക്കും അറിയാമല്ലോ… വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് തുറന്ന് അതിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഫോണിലെ വാട്സ്ആപ്പ് കണക്ട് ചെയ്യാം. ഇതേ രീതിയിൽ രണ്ടാമതൊരു ഫോണിലും ടാബ്‌ലെറ്റിലും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷനാണ് ‘കംപാനിയൻ മോഡ്’ നൽകുന്നത്.

എങ്ങനെ ഉപയോഗിക്കാം..?

ടാബ്‌ലെറ്റ് ഉപയോഗിക്കുന്നവർ പ്ലേസ്റ്റോറിൽ കയറി വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുക. ഏറ്റവും പുതിയ വാട്സ്ആപ്പ് വേർഷനാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ശേഷം ആപ്പ് തുറന്നാൽ, ക്യൂ.ആർ കോഡ് പ്രത്യക്ഷപ്പെടുന്നതായി കാണാം. അഥവാ, നമ്പർ നൽകേണ്ട ഓപ്ഷനാണ് വരുന്നതെങ്കിൽ, വാട്സ്ആപ്പ് ക്ലോസ് ചെയ്ത് റീസെന്റ് മെനുവിൽ നിന്നടക്കം മായ്ച്ചുകളഞ്ഞതിന് ശേഷം വീണ്ടും തുറക്കുക. അപ്പോൾ ക്യൂ.ആർ കോഡ് കാണാൻ സാധിക്കും.

ശേഷം ഫോണിലെ വാട്സ്ആപ്പ് തുറന്ന് ത്രി ഡോട്ട് മെനുവിൽ നിന്ന് ലിങ്ക്ഡ് ഡിവൈസ് (Linked Devices) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിലെ ലിങ്ക് എ ഡിവൈസ് (Link a Device) എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ, ഫോണിലെ വാട്സ്ആപ്പ് ടാബ്‌ലെറ്റിൽ തുറന്നുവരും. ഫോണിലെ സന്ദേശങ്ങൾ ടാബിലേക്ക് ട്രാൻസ്ഫറാകാൻ അൽപ്പം സമയമെടുത്തേക്കും. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർ ആണെങ്കിൽ, ഉറപ്പായും പുതിയ ഫീച്ചർ ഇപ്പോൾ ലഭിക്കും.

കംപാനിയൻ മോഡിന്റെ പ്രത്യേകതകൾ

മൾട്ടി ഡിവൈസ് എന്ന ഓപ്ഷൻ പോലെയാണ് കംപാനിയൻ മോഡും പ്രവർത്തിക്കുന്നത്. നിങ്ങളുടെ പ്രധാന ഡിവൈസായ ഫോൺ ഓഫായാലും അതിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ടാബ്‌ലെറ്റിൽ വാട്സ്ആപ്പ് ഉപയോഗിക്കാം. ടാബിൽ ഇന്റർനെറ്റ് കണക്ട് ചെയ്യുന്നതോടെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങാം. ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗ്-ഔട്ട് ചെയ്താലും ടാബിലെ വാട്സ്ആപ്പ് കണക്ഷൻ നഷ്ടമാവില്ല, എന്നാൽ, വീണ്ടും ഫോണിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ, ഒരു തവണ കൂടി ക്യൂ.ആർ കോഡ് സ്കാൻ ചെയ്യേണ്ടതായി വരും. വൈകാതെ തന്നെ സ്മാർട്ട്ഫോണിലും ഇത്തരത്തിൽ വാട്സ്ആപ്പ് കംപാനിയൻ മോഡ് എത്തിയേക്കും. കാത്തിരിക്കുക.