കുട്ടി സ്‌കൂളിൽ നിന്ന് ഇറങ്ങിയോ, എവിടെ പോയി അല്ലെങ്കിൽ കളിക്കാൻ പോയ സ്‌റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയോ തുടങ്ങി ഓരോ നീക്കവും അറിയാനുള്ള സഹായം ഇനി രക്ഷിതാക്കൾക്കു ലഭിക്കും. മാതാപിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്‌ക്കൊപ്പം ഓഫ് ലൈൻ സംരക്ഷണവും നൽകാൻ മുന്നോട്ടുവന്നിരിക്കുകയാണ് ടെക്‌നോളജി ഭീമൻ ഗൂഗിൾ.
‘ഫാമിലി ലിങ്ക് ആപ്പ്’ സമ്പൂർണമായി ഉടച്ചുവാർത്താണ് പുതിയ ഫീച്ചറുകൾ ഉൾക്കൊളളിച്ചിരിക്കുന്നതെന്ന് പിസിമാഗ് റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി ലിങ്ക് മാതാപിതാക്കൾക്ക് മക്കളുടെ ഓൺലൈൻ, ഓഫ്‌ലൈൻ ഫോൺ-ടാബ് ഉപയോഗം തുടങ്ങിയവ നിയന്ത്രിക്കാൻ അനുവദിക്കുന്നു. ഒപ്പം ലൊക്കേഷനും അറിയാൻ അനുവദിക്കുന്നു.
ഫാമിലി ലിങ്ക് വഴി പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങൾ കൈയ്യിൽ വയ്ക്കുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ എപ്പോഴൊക്കെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ടോ, ആപ്പുകൾ പണംകൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നുണ്ടോ, ബ്ലോക്കുചെയ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കൻ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അറിയാനാകും. ആപ്പിലെ നോട്ടിഫിക്കേഷൻസ് ബെൽ ഐക്കൺ വഴിയായിരിക്കും ഇക്കാര്യങ്ങൾ ഗൂഗിൾ അറിയിക്കുക.
പുതിയ ഡിസൈൻ ലളിതം, പക്ഷേ കാര്യശേഷിയുള്ളത്
ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളാണ് ഉള്ളത് – ഹൈലൈറ്റ്‌സ്, കണ്ട്രോൾസ്, ലൊക്കേഷൻ എന്നിങ്ങനെ. ആപ്പ് ആദ്യം അവതരിപ്പിക്കുന്നത് 2017ൽ ആയിരുന്നു എങ്കിലും ഇതിനിപ്പോൾ നൽകിയിരിക്കുന്ന രീതിയിലുള്ള ക്രമീകരണ സാധ്യത ഉണ്ടായിരുന്നില്ല.
∙ ഹൈലൈറ്റ്‌സ്
ഹൈലൈറ്റ്‌സിലാണ് കുട്ടിയുടെ ആപ്പ് ഉപയോഗത്തെക്കുറിച്ച്, എത്ര നേരം ഫോൺ അല്ലെങ്കിൽ ടാബ് ഉപയോഗിച്ചു എന്നതിനെക്കുറിച്ച്, അടുത്തതായി ഏത് ആപ്പാണ് കുട്ടി സ്വന്തമായി ഫോണിൽ സ്ഥാപിച്ചതെന്നും മറ്റും വിവരങ്ങൾ ഒറ്റ നോട്ടത്തിൽ നൽകുന്നത്. നിങ്ങളുടെ കുട്ടി എങ്ങനെയാണ് ഫോൺ ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ ലഭിക്കുന്നതെന്ന് ഗൂഗിളിന്റെ ഫാമിലി ലിങ്ക് പ്രൊഡക്ട് മാനേജർ വെൻഡി റിയെബ് പറയുന്നു.
ഗൂഗിളുമായി സഹകരിക്കുന്ന കമ്പനികളായ കോമൺസെൻസ് മീഡിയ, കണക്ട്‌സെയ്ഫ്റ്റി, ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. ഓൺലൈൻ സുരക്ഷയെക്കുറിച്ച് കൂടുതൽ അവബോധം പകരുന്നതായിരിക്കും ഇത്. ഹൈലൈറ്റ്‌സ് ടാബിൽ മാറ്റങ്ങൾ തുടങ്ങുന്നതെയുള്ളു, ധാരാളം സഹായകമായ കാര്യങ്ങൾ കൂടി ഇവിടെ എത്തിക്കുമെന്ന് വെൻഡി പറയുന്നു.
∙ കണ്ട്രോൾസ്
ഒരു പക്ഷേ പുതിയ ആപ്പിലെ താരം കണ്ട്രോൾസ് ടാബ് ആണ്. കുട്ടികൾ ഫോണും മറ്റും എത്ര സമയം ഉപയോഗിക്കണമെന്ന കാര്യം ഇതു വഴി നിയന്ത്രിക്കാം. ഏതെല്ലാം തരം കണ്ടെന്റാണ് കുട്ടികൾ കാണേണ്ടത് എന്നതും പരിമിതപ്പെടുത്താം. ഡേറ്റ നൽകണോ വേണ്ടയോ എന്ന കാര്യവും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓൺലി’ ഓപ്ഷനും ഉണ്ട്. മറ്റു സെറ്റിങ്‌സ് ഒന്നിനും മാറ്റം വരുത്താതെ ഇതു ക്രമീകരിക്കാനാകുമെന്നും ഗൂഗിൾ പറയുന്നു.
ഒരു ദിവസം (അവധി ദിവസം) കുട്ടി കൂടുതൽ നേരം സ്‌ക്രീൻ ഉപയോഗിക്കട്ടെ, അല്ലെങ്കിൽ ഇന്നു കുറച്ചു സമയം മതി (പരീക്ഷാ സമയം) സ്‌ക്രീൻ ഉപയോഗം എന്ന തരം സാഹചര്യങ്ങൾ വരുമെന്ന കാര്യത്തെക്കുറിച്ച് തങ്ങൾക്ക് മനസ്സിലായതിനാലാണ് ഇത് അനുവദിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഷോ തീരാൻ രണ്ടു മിനിറ്റു കൂടി വേണമെങ്കിൽ അതും അനുവദിക്കാനാകും.
∙ ലൊക്കേഷൻ ടാബ്
കുട്ടി എവിടെയാണ് എന്നത് അറിയാനുള്ള ഒന്നാണ് ലൊക്കേഷൻ ടാബ്. ഇത് ഉപയോഗിച്ച് ഒന്നിലേറെ കുട്ടികൾ ഉണ്ടെങ്കിൽ പോലും അവർ ഒരോരുത്തരും എവിടെയാണ് എന്ന് അറിയാനാകുമെന്ന് ഗൂഗിൾ പറയുന്നു. അവർ എവിടെയാണ് അവരുടെ ഫോണിൽ എന്തുമാത്രം ബാറ്ററി ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങൾ പോലും ട്രാക്കു ചെയ്യാം. ആപ്പിൽ നിന്നു തന്നെ കുട്ടിയെ വിളിക്കുകയും ചെയ്യാം. കുട്ടി ഒരോ സ്ഥലത്തും എത്തുമ്പോഴും, അവിടെ നിന്ന് ഇറങ്ങുമ്പോഴും അലേർട്ടുകളും സെറ്റു ചെയ്യാം. എന്നു പറഞ്ഞാൽ കുട്ടി സ്‌കൂളിൽ അല്ലെങ്കിൽ ആരാധനാലയത്തിൽ അല്ലെങ്കിൽ സുഹൃത്തിന്റെ വീട്ടിൽ എപ്പോൾ എത്തിയെന്നും അവിടെ നിന്ന് എപ്പോൾ ഇറങ്ങി എന്നുമെല്ലാം അറിയാനാകും.
ഇതിനു പുറമെ വാച്ച് ലിസ്റ്റുകളും സൃഷ്ടിക്കാം. എന്നു പറഞ്ഞാൽ, കുട്ടി ഒരു പ്രത്യേക സിനിമ കണ്ടാൽ നല്ലാതാണെന്നു തോന്നിയാൽ അത് വാച്ച് ലിസ്റ്റിൽ ചേർക്കാം. ഇനി നിങ്ങൾക്കങ്ങനെ വാച് ലിസ്റ്റ് സൃഷ്ടിക്കാൻ തോന്നുന്നില്ലെങ്കിൽ അല്ലെങ്കിൽ അതിനുള്ള കഴിവില്ലെങ്കിൽ സഹായത്തിന് ഗൂഗിളിന്റെ എഡിറ്റർമാർമാർ ഉണ്ട്. ഓരോ പ്രായത്തിലുമുള്ള കുട്ടികൾ കാണണമെന്നു മനസ്സിലാക്കി അവർ ഉണ്ടാക്കിയിട്ടിരിക്കുന്ന ലിസ്റ്റും ലഭിക്കും.
∙ എല്ലാം കൊള്ളാം, പക്ഷേ…
ഇത്തരം സേവനങ്ങളൊക്കെ സൗജന്യമായി ലഭിക്കുക എന്നു പറയുന്നത് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കേണ്ട കാര്യമാണെന്നു തോന്നാമെങ്കിലും ഇതിനും ചില പ്രശ്‌നങ്ങൾ ഉണ്ട് എന്നതും അറിഞ്ഞു വച്ച ശേഷം മാത്രം ഇതു പ്രയോജനപ്പെടുത്തണോ എന്ന കാര്യം തീരുമാനിക്കുക. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരോ നിമിഷത്തെക്കുറിച്ചും ചെയ്തിയെക്കുറിച്ചും ഗൂഗിൾ അറിഞ്ഞുകൊണ്ടിരിക്കും. മാതാപിതാക്കളെക്കുറിച്ചും അറിഞ്ഞുകൊണ്ടിരിക്കും. ഭാവിയിൽ ഇത്തരം ഡേറ്റ എങ്ങനെ ഉപയോഗിക്കപ്പെടുമെന്ന കാര്യത്തിൽ സന്ദേഹത്തിന് ഇടയുണ്ടാക്കുന്ന കാര്യമാണ്. ഗൂഗിൾ, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളുടെ ഡേറ്റാ ശേഖരണം കുപ്രസിദ്ധമാണല്ലോ.