ന്യൂഡൽഹി: അടുത്ത വർഷം ഫെബ്രുവരിയോടെ വിൻഡോസ്7, 8.1 ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കുള്ള സേവനം ഉപേക്ഷിക്കുമെന്ന് പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ.
അടുത്ത വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന ക്രോം 110 വേർഷൻ ആയിരിക്കും വിൻഡോസ്7, 8.1 ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന അവസാന വെബ് ബ്രൗസർ.
ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർ ഉടൻ തന്നെ ഉപകരണം അപ്‌ഡേറ്റ് ചെയ്ത് പുതിയ വിൻഡോസ് വേർഷനിലേക്ക് മാറണം. അടുത്ത വർഷം ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള പിന്തുണ മൈക്രോ സോഫ്റ്റ് പിൻവലിക്കും. അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ സുരക്ഷ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ സാധിക്കൂ.
2009ലാണ് പ്രമുഖ ടെക് കമ്പനിയായ മൈക്രോ സോഫ്റ്റ് വിൻഡോസ് ഏഴ് അവതരിപ്പിച്ചത്. 2020ൽ തന്നെ വിൻഡോസ് ഏഴിനുള്ള മുഖ്യധാര സപ്പോർട്ട് ഗൂഗിൾ അവസാനിപ്പിച്ചിരുന്നു. വിൻഡോസ് 7 ഇഎസ് യു, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോർട്ടും ഗൂഗിൾ നിർത്തിയിരുന്നു. കഴിഞ്ഞവർഷം മാത്രം 10 കോടിയിൽപ്പരം പേഴ്‌സൺ കമ്പ്യൂട്ടറുകളാണ് വിൻഡോസിൽ പ്രവർത്തിച്ചത്.
അൺസപ്പോർട്ടഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ കാലഹരണപ്പെട്ട ബ്രൗസർ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കൾ സുരക്ഷാഭീഷണി നേരിടുകയാണ്. അതേസമയം ക്രോം 110 തുടർന്നും സേവനം നൽകും. എന്നാൽ ബ്രൗസർ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചറുകളോ, സുരക്ഷാ പാളിച്ചകൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളോ ലഭിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.